ഡൽഹി:താജ് മഹലിൽ ഹിന്ദു വിഗ്രഹങ്ങൾ. വാദം തള്ളി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
ഡൽഹി:താജ് മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന ചില ഹൈന്ദവ സംഘടനകളുടെ വാദം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. താജ് മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എ എസ് ഐ വ്യക്തമാക്കി. ചില മുറികളുടെ ചിത്രവും എഎസ്‌ഐ പുറത്തുവിട്ടിട്ടുണ്ട്.
പലതവണ അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നത്. മുറികളിൽ ഹിന്ദു വിഗ്രങ്ങളൊന്നുമില്ല. ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും ആർക്കിയോളജിക്കൽ വകുപ്പ് അറിയിച്ചു. താജ് മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന വാദവുമായി ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രൂക്ഷമായ വിമർശനത്തോടെ ഹർജി കോടതി തള്ളുകയും ചെയ്തു. എന്നാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞിരുന്നു.