മുൻ എം എൽ എ ജോർജ്ജ് ജെ മാത്യു വിൻ്റെ നേതൃത്വത്തിൽ പുതിയ പാർട്ടി
കോട്ടയം : മുൻ എം എൽ എ ജോർജ്ജ് ജെ മാത്യു വിൻ്റെ നേതൃത്വത്തിൽ പുതിയ പാർട്ടി
പ്ലാൻ്ററും വ്യവസായിയും കേരള കോൺഗ്രസിൻ്റെ മുൻ ചെയർമാനും കോൺഗ്രസിൻ്റെ മുൻ എംഎൽഎ യുമായ ജോർജ് ജെ മാത്യുവിൻ്റെ നേതൃത്വത്തിൽ പുതിയ ഒരു പാർട്ടി രൂപം കൊള്ളുന്നു. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ സംഘടിപ്പിച്ചു ബിജെപി മുന്നണിയുടെ ഭാഗമാകുകയാണ് ലക്ഷ്യം.
ഇതേ ലക്ഷ്യവുമായി 2023 ഏപ്രിലിൽ ഒരു നീക്കം നടന്നങ്കിലും അവസാന നിമിഷം ജോർജ്ജ് ജെ മാത്യു അതിൽ നിന്നു പിന്തിരിയുകയുമായിരുന്നു. എങ്കിലും കാത്തലിക്ക് ട്രസ്റ്റ് ൻ്റെ പഴയ കാല നേതാവ് വി വി അഗസ്റ്റിൻ ചെയർമാനും ജോണി നെല്ലൂർ വർക്കിംഗ് ചെയർമാനും മാത്യു സ്റ്റീഫൻ ജനറൽ സെക്രട്ടറിയുമായി നാഷണൽ പ്രോഗ്രസിവ് പാർട്ടി രൂപികരിച്ചതായി 2023 ഏപ്രിൽ 22 ന് പ്രഖ്യാപനം ഉണ്ടായി. പക്ഷേ പ്രവർത്തനം മുന്നോട്ടു പോയില്ല. മാസങ്ങൾക്കുള്ളിൽ തന്നെ ജോണി നെല്ലൂർ ഇതിൽ നിന്നു പിന്മാറി.
ഇപ്പോഴത്തെ നീക്കം ബി ജെ പി നേതൃത്വവുമായുള്ള ധാരണയോടെയാണെന്നാണ് വിവരം.
കേരള കോൺഗ്രസ് ൽ തുടങ്ങി നിരവധി പാർട്ടികളിൽ പ്രവർത്തിച്ചിട്ടുള്ള മുൻ എംഎൽഎ മാരായ പി എം മാത്യുവും എം വി മാണിയും ജോർജ്ജ് ജെ മാത്യുവിനൊപ്പം ഉണ്ട്. മുൻ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയുടെയും മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കലിൻ്റെയും പിന്തുണ തങ്ങൾക്കുള്ളതായി ഇവർ അവകാശപ്പെടുന്നുണ്ട്.
കാസാ പോലെയുള്ള സംഘടനകളുടെ പിന്തുണയും ഇവർ പ്രതീക്ഷിക്കുന്നുണ്ട്. കേരള ഫാർമേഴ്‌സ് ഫെഡറേഷൻ എന്ന ഒരു കർഷക സംഘടനയുടെ സമ്പൂർണ്ണ പ്രതിനിധി സമ്മേളനം ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും വേണ്ടി മെയ് മാസം 23-ാം തീയതി വെള്ളിയാഴ്‌ച കോട്ടയം ഈരയിൽ കടവ് ആൻസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെന്റ് റിൽ വച്ച് ചേരുന്നു. അവിടെ വെച്ചാവും പുതിയ പാർട്ടിയുടെ പ്രഖ്യാപനം.
ജോർജ് ജെ. മാത്യു അധ്യക്ഷനായുള്ള യോഗം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുമെന്നും
മാർ മാത്യു അറക്കൽ ബിഡിജെഎസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി എന്നിവർ സംസാരിമെന്നുമാണ് സംഘാടകർ മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.
1964 ൽ കേരള കോൺഗ്രസ് ജന്മം എടുക്കുന്നതു മുതൽ കേരള കോൺഗ്രസിലായിരുന്ന ജോർജ്ജ് ജെ മാത്യു 77 മുതൽ 80 വരെ മൂവാറ്റുപുഴ എംപിയും 80 മുതൽ 83 വരെ പാർട്ടിയുടെ ചെയർമാനുമായിരുന്നു. 83 ൽ കെ.എം മാണിയുമായി തെറ്റി കോൺഗ്രസിൽ ചേർന്നു. 1991 മുതൽ 2006 വരെ കാഞ്ഞിരപ്പള്ളി എംഎൽഎ യായി . പിന്നീട് കാഞ്ഞിരപള്ളിയിലെ പരാജയത്തിനുശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു