ഫെബിൻ്റെ കൊലപാതകം; പ്രതി ലക്ഷ്യം വെച്ചത് സഹോദരിയെയെന്ന് പോലീസ്
കൊല്ലത്തെ നടുക്കിയ അരും കൊലയാണ് ഇന്നലെ രാത്രി നടന്നത്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ഫെബിൻ സ്വന്തം വീട്ടിൽ കുത്തേറ്റ് മരിച്ച വാർത്തയാണ് ആദ്യം വന്നത്. തടയാനെത്തിയ അച്ഛൻ ജോർജ് ഗോമസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്
ഇതിനു പിന്നാലെയാണ് നഗരത്തിനടുത്ത് ചെമ്മാന്‍മുക്കില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയെത്തുന്നത്. പിന്നീട് അത് ഫെബിൻ്റെ കൊലയാളിയായ നീണ്ടകര സ്വദേശി തേജസ് രാജാണെന്ന് തിരിച്ചറിഞ്ഞു.
ചികിത്സയിലുള്ള ജോര്‍ജിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ബെന്‍സിഗര്‍ ആശുപത്രിയിലെ ഡ്രൈവറാണ് ഫെബിന്റെ പിതാവ് ജോര്‍ജ്.
ഫെബിൻ്റെ കുടുംബവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ എത്തിയതെന്നാണ് പോലീസിൻ്റെ തുടരന്വേഷണത്തിലെ നിഗമനം.
പര്‍ദ്ദപോലെ തോന്നുന്ന കറുത്ത വേഷം ധരിച്ച് മുഖം മറച്ചാണ് പ്രതി വീട്ടിലേക്ക് കയറിവന്നത്. കൈയില്‍ പെട്രോളും കരുതിയിരുന്നു. വീട്ടുകാരുടെ ബഹളംകേട്ട് ഇറങ്ങി നോക്കിയപ്പോള്‍ ഫെബിന്റെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്ന് അയല്‍വാസിയായ ബി.ആര്‍. നായര്‍ പറഞ്ഞു. കുത്തുകൊണ്ട് ഫെബിന്‍ റോഡിലേക്ക് ഓടിവന്നു വീണപ്പോഴാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. ഒരുമണിക്കൂറിനുള്ളില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയും വന്നു.