സ്കൂളിൽ നിന്ന് നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തിയതായി പരാതി.

Spread the love

കോട്ടയം: സ്കൂളിൽ നിന്ന് നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തിയതായി പരാതി. മണർകാട് അങ്ങാടിവയൽ സ്വദേശികളുടെ മകനാണ് ചോക്ലേറ്റ് കഴിച്ചത്. പിന്നീട് അബോധവാസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ കുട്ടിയുടെ ഉള്ളിൽ ലഹരിപദാർത്ഥത്തിന്‍റെ അംശം കണ്ടെത്തി. കോട്ടയം വടവാതുർ സെവൻത്ത്ഡേ സ്കൂളിലാണ് സംഭവമുണ്ടായത്. സ്കൂൾ അധികൃതരുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ പൊലീസിനും കലക്ടർക്കും പരാതി നൽകി. മണർകാട് എസ്എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഫെബ്രുവരി 17 നാണ് സംഭവം. ചോക്ലേറ്റ് കഴിച്ച് അബോധവാസ്ഥയിലായ കുട്ടിയെ ആദ്യം വടവാതൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ അധികൃതരെ കാര്യം അറിയിച്ചതോടെയാണ് ചോക്ലേറ്റ് കഴിച്ചതിൽ നിന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണെന്ന സംശയം ഉയർന്നത്. ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന ബെൻസോഡായാസിപെൻസ് മരുന്നിന്റെ അംശമാണ് കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.

ക്ലാസിൽ പൊട്ടിച്ചുവെച്ചിരുന്ന നിലയിൽ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ചോക്ലേറ്റ് കഴിച്ചതിന് ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. കുട്ടി സ്‌കൂളിൽ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയിൽ ഉറക്കമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ചോക്ലേറ്റ് പരിശോധനയ്ക്കയച്ചുവെന്നും അമ്മ പറഞ്ഞു. പരിശോധനയിൽ ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തുകയായിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു.

ഉറക്കമില്ലായ്മയുൾപ്പടെയുള്ള രോഗാവസ്ഥയ്ക്ക് നൽകുന്ന മരുന്നാണ് ബെൻസോഡായാസിപെൻസ്. ചിലർ ലഹരിക്കായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. പക്ഷേ കുട്ടി കഴിച്ച ചോക്ലേറ്റിൽ എങ്ങനെ മരുന്നി‍ന്‍റെ അംശം എത്തിയതെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വടവാതൂരിലെ സ്വകാര്യ സ്കൂൾ അധികൃതർക്ക് ക്ലാസ് മുറിയിൽ എങ്ങനെ ചോകലേറ്റ് എത്തിയെന്ന് അറിയില്ല. കുട്ടി ആശുപത്രി വിട്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതെ ഉള്ളൂവെന്ന് കുടുംബം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *