ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പിസിയെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി
കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ കോടതിയിൽ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്‌നം. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പിസിയെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. കസ്റ്റഡി അവസാനിച്ച പി സി ജോർജിന്റെ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യാനുള്ള അന്തിമ തീരുമാനം.
പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റാനാണ് കോടതി നിർദ്ദേശം. ഇവിടെ ഐസിയു അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ഉയർന്ന രക്തസമ്മർദ്ദം അടക്കമുള്ള പ്രശ്നങ്ങൾ പി സിക്കുള്ളതിനാൽ രാത്രിയിൽ ഓക്സിജൻ മാസ്ക് അടക്കമുള്ള സംവിധാനങ്ങൾ അദ്ദേഹത്തിന് ആവശ്യമാണ്. ഇതിനുള്ള സൗകര്യം നിലവിൽ പാലാ സബ് ജയിലിൽ ഇല്ലാത്തതിനാലാണ് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്.
ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ പി സി ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷൻ പരിസരത്തും പി സി ജോർജിന്റെ വീട്ടു പരിസരത്തും പൊലീസും ബിജെപി പ്രവർത്തകരും നിറഞ്ഞിരുന്നു. അതിനിടയിൽ രാവിലെ 10.50ന് പി.സി ജോർജിന്റെ മരുമകൾ അടക്കം അഭിഭാഷകർ ഈരാറ്റുപേട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി. കോടതി കയറുന്നതിന് തൊട്ടു മുൻപ് പ്രവർത്തകർക്കിടയിലൂടെ പി സി ജോർജും ഇവിടേക്ക് വന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് പിസിയുടെ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് വന്നത്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ പിസി ജോർജിനെ ചോദ്യം ചെയ്തു.