മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം. കുഴൽനാടന്റെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ മെയ് ആറിനാണ് തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴൽനാടന്റെ ഹർജി തള്ളിയത്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഇടപാട് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. എന്നാൽ, അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കോടതി ഹർജി തള്ളുകയായിരുന്നു. വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം. താൻ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണമുന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽ നാടൻ ഹർജിയിൽ പറയുന്നു.