ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും
ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. മറ്റന്നാൾ മൂന്ന് മണിക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലവും പ്രഖ്യാപിക്കും.
4,27,105 വിദ്യാർത്ഥികളാണ് ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് സജ്ജമായിരിക്കുകയാണ്.
നാളെ വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഹയർ സെക്കണ്ടറി/ വോക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മറ്റന്നാൾ മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടന്നത്. മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിർണയത്തിൽ പങ്കെടുത്തത്
എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.