ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് മുന്നോടിയായി കോൺഗ്രസ് ഒളിപ്പിച്ചുവച്ച ആ സർപ്രൈസ്
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് മുന്നോടിയായി കോൺഗ്രസ് ഒളിപ്പിച്ചുവച്ച ആ സർപ്രൈസ് . വർഷങ്ങളായി സോണിയ ഗാന്ധി മത്സരിച്ചു ജയിച്ചിരുന്ന റായ്ബറേലി മണ്ഡലത്തിൽ മകൻ രാഹുൽ അങ്കം കുറിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. അമേഠിയിൽ നിന്ന് മാറി രാഹുൽ റായ്ബറേലിയിൽ എത്തുമ്പോൾ ചോദ്യ ചിഹ്നമായി കിടക്കുന്നത് വയനാട് മണ്ഡലമാണ്.
എന്നാൽ വയനാട്ടിൽ വരാനിരിക്കുന്നത് വലിയ മാറ്റമാണ് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. രാഹുൽ റായ്ബറേലിയിൽ ജയിച്ചാൽ വയനാട് മണ്ഡലത്തിൽ നിന്ന് സ്വാഭാവികമായി രാജിവയ്‌ക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെയുള്ള മറ്റൊരാളായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുമെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന സൂചന.
അതിന്റെ ഒരുക്കങ്ങളായിരുന്നു ഇതുവരെ നടന്നതെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. വയനാട്ടിൽ രാഹുൽ ആയാലും പ്രിയങ്ക ആയാലും ഇനി കോൺഗ്രസിന്റെ പേരിൽ ആരെ നിർത്തിയാലും ജയം ഉറപ്പാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇക്കാരണം കൊണ്ട് തന്നെ രാഹുലിനെയും പ്രിയങ്കയെയും ഒരുമിച്ച് പാർലമെന്റിൽ എത്തിക്കാൻ വഴി ഇത് തന്നെയാണെന്നാണ് അവർ കരുതുന്നത്.