മാസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Spread the love

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന മാസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇസിഐആർ ഇഡി രജിസ്റ്റർ ചെയ്തു. ഇസിഐആർ എന്നത് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ്. കൊച്ചി യൂണിറ്റിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസിൽ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടക്കുന്നത്.ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു. കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.

കൃത്യമായ അന്വേഷണത്തിന്റെ പൂർത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും ആവശ്യമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. കൊള്ള നടന്നതാണെന്നും കൃത്യയമായ രേഖകളുണ്ടെന്നും ഷോൺ പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’, കൊച്ചിയിലെ ‘സിഎംആര്‍എല്‍’, കെഎസ്ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *