നേഴ്സിങ് അഡ്മിഷന്റെ പേരിൽ തട്ടിപ്പ്: വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ.
നേഴ്സിങ് അഡ്മിഷന്റെ പേരിൽ തട്ടിപ്പ്: വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ.
എരുമേലി: പെൺകുട്ടിക്ക് ബാംഗ്ലൂരിൽ നേഴ്സിങ് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലെ പ്രതി 18 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. കോഴഞ്ചേരി പയ്യനാമൺ ഭാഗത്ത് നെല്ലിവിളയിൽ വീട്ടിൽ അനിൽ വിശ്വനാഥൻ (43) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2005 ൽ എരുമേലി കനകപ്പാലം സ്വദേശിയായ ഗൃഹനാഥനില്‍ നിന്നും ഇയാളുടെ മകൾക്ക് ബാംഗ്ലൂരിൽ നേഴ്സിങ് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 75,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ നേഴ്സിംഗ് സ്കൂളിന്റെ വ്യാജ പ്രോസ്പെക്റ്റസുകൾ നിർമ്മിച്ച് നൽകുകയും ചെയ്തു. അഡ്മിഷൻ ലഭിക്കാതിരുന്നതിനെ തുടർന്ന് ഗൃഹനാഥൻ പോലീസിൽ പരാതി നൽകുകയും ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ വിവിധ കേസുകളില്‍ പെട്ട് ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ കോന്നിയില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ജോസി എം ജോൺസൺ, സി.പി.ഓ മനോജ് കുമാർ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.