പാകിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. പിഎംഎൽ–എൻ പ്രസിഡന്റ് ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകും
ഇസ്‍ലാമാബാദ്: പാകിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകുന്നു. പിഎംഎൽ–എൻ പ്രസിഡന്റ് ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകും. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ പിന്തുണയോടെയാണ് ഷഹബാസ് ഷരീഫ് അധികാരത്തിലേറുന്നത്. പിപിപി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, രാജ്യതാൽപര്യം മാനിച്ച് ഷഹബാസ് ഷരീഫിനെ തന്റെ പാർട്ടി പിന്തുണ നൽകുകയാണെന്ന് ബിലാവൽ ഭൂട്ടോ സർദാരി വ്യക്തമാക്കി. അതേസമയം, ഷഹബാസ് ഷരീഫ് സർക്കാരിൽ അംഗമാകില്ലെന്നും പിഎംഎൽ–എൻ സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നുമാണ് ബിലാവൽ ഭൂട്ടോ പറയുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ തന്റെ പിതാവ് ആസിഫ് അലി സർദാരി സ്ഥാനാർഥിയാകുമെന്നും ബിലാവൽ അറിയിച്ചു.
മുൻപു മൂന്നു തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് നാലാമതും അധികാരത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി നടന്ന ചർച്ചയിലാണ് സഹോദരൻ ഷഹബാസിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. 366 അംഗ ദേശീയ അസംബ്ലിയിൽ, ഈ മാസം 8നു തിരഞ്ഞെടുപ്പ് നടന്ന 265 സീറ്റുകളിൽ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രർ 101 സീറ്റുമായി മുന്നിലെത്തിയിരുന്നു. പിഎംഎൽ–എൻ 75, പിപിപി 54, എംക്യുഎം–പി 17 വീതം സീറ്റ് നേടി. എംക്യുഎം–പി നേരത്തെ തന്നെ ഷരീഫിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിനു മുൻപ് പിഎംഎൽ–എൻ സർക്കാരിൽ വിദേശകാര്യ മന്ത്രി ആയിരുന്നപ്പോഴത്തെ അനുഭവം മോശമായതിനാലാണ് പുതിയ സർക്കാരിന്റെ ഭാഗമാകാത്തതെന്നും ബിലാവൽ പറഞ്ഞു. ഇതേസമയം, പിഎംഎൽ–എൻ, പിപിപി, എംക്യുഎം–പി എന്നീ പാർട്ടികളൊഴികെ മറ്റുള്ളവരുമായി സഹകരിച്ച് കേന്ദ്രത്തിലും പഞ്ചാബ്, ഖൈബർ പഖ്തൂൺക്വ പ്രവിശ്യകളിലും സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്ന് പിടിഐ നേതാവ് ബാരിസ്റ്റർ ഗൊഹർ ഖാൻ അറിയിച്ചു.
അഡിയാല ജയിലിൽ ഇമ്രാനെ സന്ദർശിച്ചശേഷമായിരുന്നു ഖാന്റെ പ്രസ്താവന. മത പാർട്ടികളായ എംഡബ്ല്യുഎം, ജമാഅത്തെ ഇസ്‍ലാമി എന്നീ പാർട്ടികളുമായി പിടിഐ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ദേശീയ അസംബ്ലിയിൽ എംഡബ്ല്യുഎമ്മിന് ഒരു സീറ്റുണ്ട്. ജമാഅത്തെ ഇസ്‍ലാമിക്ക് സീറ്റില്ല. ഖൈബർ പഖ്തൂൺക്വയിൽ തനിച്ചു ഭൂരിപക്ഷമുള്ള പിടിഐക്ക് സർക്കാരുണ്ടാക്കാനാവുമെങ്കിലും പഞ്ചാബിൽ സാധ്യതയില്ല. പാർട്ടിക്കു നിരോധനമുണ്ടായിരുന്നതുകൊണ്ട് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച പിടിഐ അംഗങ്ങൾ തിരഞ്ഞെടുപ്പ് ഫല വിജ്ഞാപനം പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളിൽ ഏതെങ്കിലും പാർട്ടിയിൽ ചേരേണ്ടതുണ്ട്.