അമേരിക്കയിൽ നാലം​ഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

Spread the love

കൊല്ലം: അമേരിക്കയിൽ നാലം​ഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാലുപേരിൽ രണ്ടുപേർ മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് വ്യക്തമാക്കി.

ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയതും. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നും പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കലിഫോർണിയയിലെ വീടിനുള്ളിൽ നാലം​ഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകനും കുടുംബവുമാണ് മരിച്ചത്. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പിന്നീട് പൊലീസ് തന്നെ രണ്ടുപേരുടെ മരണം വെടിയേറ്റാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വിശദമായ അന്വേഷണം നടക്കുകയാണെന്ന് സാൻ മറ്റെയോ പൊലീസ് അറിയിച്ചു. എ.സിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ വമിച്ച വിഷവാതകം ശ്വസിച്ചതാണോ മരണ കാരണമെന്ന സംശയം ആദ്യം ബന്ധുക്കൾ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരണത്തിൽ ദൂരുഹതകളുണ്ടെന്ന് വ്യക്തമായത്.

അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ–ജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരകെ വന്നത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്സാപ് മെസേജ് ഇരുവർക്കും അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് എത്തിയപ്പോഴേക്കും മരിച്ചുവെന്നാണ് അവർ പറയുന്നത്. മറ്റാരുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല. എല്ലാ സാധ്യതകളും അന്വേഷിക്കുന്നതായും പൊലീസ് സംഘം അറിയിച്ചു. ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറേഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ഇരട്ടക്കുട്ടികളുടെ ജനനവും അവിടെ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *