ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന
ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന. ഗാസയിലെ ഹോളി ഫാമിലി പാരിഷ് ചര്‍ച്ചിലാണ് സംഭവം നടന്നത്. യുദ്ധം ആരംഭിച്ചതു മുതല്‍ ഗാസയിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ കുടുംബങ്ങളും അഭയം തേടിയ പള്ളിയിലാണ് ഇസ്രയേല്‍ പ്രതിരോധ സേന ആക്രമണം നടത്തിയത്. അമ്മയും മകളുമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രണ്ടുപേരും പള്ളി പരിസരത്തെ സിസ്റ്റേഴ്‌സ് കോണ്‍വെന്റിലേക്ക് നടക്കുകയായിരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പില്‍ ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേസമയം ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ലെന്നും ഇടവകയുടെ പരിസരത്ത് തന്നെ വച്ചാണ് വെടിവപ്പുണ്ടായതെന്നും ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് അറിയിച്ചു. അംഗവൈകല്യമുള്ള 54 പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെയും പള്ളിയുടെ കോമ്പൗണ്ടിന്റെ തന്നെ ഭാഗമായ സിസ്റ്റേഴ്‌സ് ഓഫ് മദര്‍ തെരേസയുടെ കോണ്‍വെന്റിനെയും ഇസ്രയേല്‍ പ്രതിരോധ സേനയുടെ ടാങ്കുകള്‍ ലക്ഷ്യമിട്ടിരുന്നെന്ന് പ്രസ്താവന കുറ്റപ്പെടുത്തി. ആക്രമണത്തില്‍ കോണ്‍വെന്റ് വാസയോഗ്യമല്ലാതായി.പള്ളിയിലെ ജനറേറ്റര്‍, വൈദ്യുതി, ഇന്ധനം, സോളാര്‍ പാനലുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവക്കും നാശനഷ്ടം ഉണ്ടായി .