ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനിൽക്കുന്ന സ്ഥലമെന്ന കോട്ടയം എസ്.പിയുടെ റിപ്പോർട്ട് വിവാദമാകുന്നു

Spread the love

കോട്ടയം: ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനിൽക്കുന്ന സ്ഥലമെന്ന കോട്ടയം എസ്.പിയുടെ റിപ്പോർട്ട് വിവാദമാകുന്നു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്പി കെ കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശങ്ങളാണ് വിവാദമാകുന്നത്. തീവ്രവാദ പ്രശ്‌നം നിലനിൽക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്നാണ് എസ്.പിയുടെ റിപ്പോർട്ടിലെ പരാമർശം.

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു ടവർ നിർമാണത്തിനായി കൈമാറാനായിരുന്നു സർക്കാർ നിർദേശിച്ചത്. ഇതിൽ എതിർപ്പറിയിച്ചായിരുന്നു കോട്ടയം എസ്പി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. കേസുകളിൽ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാർട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിർമ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ തീവ്രവാദ പ്രശ്‌നങ്ങളും മതപരമായ പ്രശ്‌നങ്ങളും നിലനിൽക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്ന പരാമർശവും ഉണ്ട്.

ഇതിനെതിരെ ജനകീയ പ്രതിഷേധം ഒരുങ്ങുകയാണ്. പ്രത്യക്ഷത്തിൽ റിപ്പോർട്ടിൽ ഏതെങ്കിലും മതവിഭാഗത്തിനെ സംബന്ധിച്ച സൂചന ഇല്ല. എന്നാൽ ചില വാചകങ്ങൾ വ്യാഖ്യാനിച്ച് കൊണ്ടുപോകാൻ സാധ്യതയുള്ളതിനാൽ അതിൽ ആവശ്യമായ തിരുത്ത് വരുത്താൻ ആഭ്യന്തരവകുപ്പ് ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനകീയ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. ആന്റോ ആന്റണി അടക്കമുള്ള ജനപ്രതിനിധികളും എസ്പിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *