മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ്. ഒരു സേവനവും നൽകാതെ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടിയായി കൈപ്പറ്റിയത് 1.72 കോടി രൂപയാണ്. ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് കമ്പനി വീണയ്ക്ക് പണം നൽകാൻ കാരണമെന്നാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ നിരീക്ഷണം.
കൊച്ചി ആസ്ഥാനമായുള്ള കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ എന്ന കമ്പനിയിൽ 2019 ജനുവരി 25ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളിൽ വീണാ വിജയനുമായുള്ള സാമ്പത്തിക ഇടപാടിന്റെ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സേവനം ഒന്നും നൽകാതെ വീണയും അവരുടെ സ്ഥാപനവും മാസപ്പടി കൈപ്പറ്റിയതായി തർക്ക പരിഹാര ബോർഡ് ശരിവച്ചത്. കൺസൽട്ടൻസി ഐടി, സേവനങ്ങൾക്ക് വീണാ വിജയനുമായും വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായ എക്സാലോജിക്കുമായും സിഎംആർഎല്ലിന് കരാർ വെച്ചാണ് പണം കൈപ്പറ്റിയത്.
എന്നാൽ ഒരു സേവനവും നൽകാതെയാണ് 2017- 20 കാലയളവിൽ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ വീണയും എക്സാലോജിക്കും കൈപ്പറ്റിയെന്നാണ് തർക്ക പരിഹാര ബോർഡ് കണ്ടെത്തൽ. ഇതിൽ വീണയ്ക്ക് 55 ലക്ഷവും, എക്സാലോജിക്കിന് ഒരു കോടി 17 ലക്ഷവും ലഭിച്ചു. ഈ ഇടപാട് നിയമ വിരുദ്ധമാണ് എന്ന ആദായ നികുതി വകുപ്പിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് തർക്ക പരിഹാര ബോർഡ് തീർപ്പ് കൽപ്പിച്ചത്. ഉത്തരവിൽ പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് വീണയ്ക്ക് കമ്പനി പണം നൽകാൻ കാരണമെന്ന് പരാമർശവുമുണ്ട്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിക്കുന്നതാണ് നിരീക്ഷണമെന്ന് വ്യക്തമാണ്.
നികുതി വെട്ടിപ്പിൽ നടപടി ഒഴിവാക്കുന്നതിൽ തർക്ക പരിഹാര ബോർഡിന്റെ തീർപ്പ് അന്തിമാണ്. ഇതിൽ അപ്പീൽ നൽകാൻ സിഎംആർഎല്ലിന് സാധിക്കില്ല. സ്വർണക്കടത്ത് കേസിൻെറ കാലത്ത് മുഖ്യമന്ത്രി കുടുംബത്തിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വന്നിരിക്കുന്നത് ആരോപണമല്ല ആദായനികുതി വകുപ്പിൻെറ അന്തിമ തീർപ്പാണ്.ഈ സാഹചര്യത്തിൽ മകളും കമ്പനിയും സേവനം നൽകാതെ പണം കൈപ്പറ്റിയതിനെ മുഖ്യമന്ത്രി എങ്ങനെ പ്രതിരോധിക്കും എന്നാണ് ഇനി അറിയാനുളളത്.