ചൈനയില്‍ നിന്ന് ആദ്യ കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തും; സെപ്റ്റംബറില്‍ തുറമുഖം തുറക്കും

Spread the love

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബര്‍ 24ന് എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആദ്യ കപ്പലെത്തുക ചൈനയില്‍ നിന്നാകുമെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ മാസാന്ത്യ പ്രവര്‍ത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദേഹം.

നേരത്തെ, വിഴിഞ്ഞം തുറമുഖത്തില്‍ സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യത വലുതാണെന്നും പദ്ധതി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ തുറമുഖമായി വിഴിഞ്ഞത്തിനു മാറാന്‍ കഴിയും. സമുദ്രഗതാഗതത്തിലെ 3040 ശതമാനം ചരക്കുനീക്കം നടക്കുന്ന പാതയിലാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്.

ലോകത്ത് പ്രധാന നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്നുവന്നത് തുറമുഖങ്ങളോട് ചേര്‍ന്നാണ്. വിഴിഞ്ഞത്തിനു സമീപമായി വാണിജ്യകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനായി വ്യാവസായിക ഇടനാഴി വരും. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജനങ്ങളെ പങ്കാളികളാക്കി ജനവാസകേന്ദ്രങ്ങളും വ്യവസായ കേന്ദ്രങ്ങളും ലോജിസ്റ്റിക് സെന്ററുകളും നിര്‍മിക്കും. വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാന്‍ 67 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഔട്ടര്‍ റിങ് റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *