മണിപ്പൂർ കലാപത്തിൽ പ്രതികരിച്ച് മേധാ പട്കർ
മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേധാ പട്കർ. മണിപ്പൂരിൽ കത്തുന്ന സംഘർഷം കേവലം വർഗീയ സംഘർഷം അല്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മേധാ പട്കർ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
കുക്കി വിഭാഗത്തിന്റെ ഭൂമി തട്ടി എടുക്കാനുള്ള സാമ്പത്തിക പദ്ധതിയാണിത്. ഗോത്ര വിഭാഗങ്ങളുമായി ഉണ്ടാക്കിയ കരാർ ലംഘിക്കുന്നതിനുള്ള തീരുമാനം മുഖ്യമന്ത്രി എടുത്തത് ഇതിന്റ ഭാഗമായാണെന്നും മേധാ പട്കർ ആരോപിച്ചു.മെയ്തി വിഭാഗത്തോട് ഒപ്പം നിന്ന് കുക്കി വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകൾ പോലും മുഖ്യമന്ത്രി നടത്തിയത് അപലപനീയമാണെന്ന് അവർ പറഞ്ഞു.
ബിജെപി ക്ക് മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ താല്പര്യമില്ല. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്.മണിപ്പൂർ വിഷയത്തിൽ ബിജെപിക്കെതിരെ ഇടപെടൽ നടത്താൻ രാഷ്ട്രപതിക്ക് ആത്മവിശ്വാസവും ധൈര്യവും ഉണ്ടെന്ന് കരുതുന്നില്ല. പൊതു സമൂഹത്തിനും സുപ്രിം കോടതിക്കും മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്ന് മേദാ പട്കർ പറഞ്ഞു.
രാജ്യത്തെ മറ്റൊരു സംസ്ഥാനവുമായി മണിപ്പൂരിനെ താരതമ്യം ചെയ്യാൻ കഴിയില്ല. സ്മൃതി ഇറാനി ബിജെപി ഇതര സംസ്ഥാനങ്ങളുമായി സംഭവത്തെ താരതമ്യം ചെയ്യുകയാണെന്നും, എന്നാൽ എന്തുകൊണ്ട് ഉത്തർ പ്രദേശിനെ പരാമർശിക്കുന്നില്ലെന്നും മേധാ പട്കർ ചോദിച്ചു.
അതേ സമയം മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്കൂളിന് തീയിട്ടു. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
പതിമൂവായിരത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു.ഇതിനിടെ മിസോറാമില്‍ നിന്നുള്ള മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്. ഇന്നലെ മാത്രം 68 പേര് മിസോറാമില്‍ നിന്ന് ഇംഫാലിലെത്തിയതാണ് കണക്ക്. 41 പേര് മിസോറാമില്‍ നിന്ന് അസമിലേക്കും എത്തിയിട്ടുണ്ട്.