സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. പുതിയ ന്യൂനമര്‍ദ്ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴിയുമാണ് കേരളത്തില്‍ വീണ്ടും അതിശക്ത മഴക്ക് കാരണം.
തിങ്കളാഴ്ചയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തെക്കന്‍ ഒഡിഷക്കും – വടക്കന്‍ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദ്ദം ചക്രവാതചുഴിയായി ദുര്‍ബലമായി വിദര്‍ഭക്കും ഛത്തീസ്ഗഡ്നും മുകളില്‍ സ്ഥിതിചെയ്യുന്നു.
തെക്ക്-പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക്-കിഴക്കന്‍ രാജസ്ഥാനും വടക്ക്-കിഴക്കന്‍ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. മലയോരമേഖലകളില്‍ കൂടുതല്‍ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.