പാതയോരങ്ങളിൽ കണ്ണീർപ്പൂക്കൾ വിതറി ജനനായകന്റെ വിലാപയാത്ര അക്ഷരനഗരിയിലേക്ക്

Spread the love

തെരുവുകളെ കണ്ണീര്‍ക്കടലാക്കി വിലാപയാത്ര; ജനനായകന് ഇന്ന് മടക്കം

കോട്ടയം:

ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള അന്ത്യാഞ്ജലി ഏറ്റുവാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക്. ഉറക്കമൊഴിഞ്ഞ് വഴിയോരങ്ങളില്‍ കാത്തുനിന്ന ആയിരങ്ങള്‍ ഒരു നോക്ക് കണ്ട് മടങ്ങുകയാണ്. തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 3.30 ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് അഞ്ച് മണിക്ക് പള്ളിമുറ്റത്ത് അനുശോചന യോഗം ചേരും.

ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് തിരുനക്കരയില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ തലസ്ഥാനത്ത് നിന്നാംരഭിച്ച വിലാപയാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനലക്ഷങ്ങള്‍ എം.സി റോഡിലേക്ക് ഒഴുകിയെത്തിയതോടെ സമയക്രമങ്ങളെല്ലാം തെറ്റി. ഇരുപത്തിനാല് മണിക്കൂര്‍ പിന്നിട്ടയാത്ര ചിങ്ങവനം പിന്നിട്ടു. ഇനി നാട്ടകം, കോടിമത എന്നിവിടങ്ങളില്‍ കാത്തുനില്‍ക്കുന്ന ജനങ്ങള്‍ക്കും ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയും. ശേഷം തിരുനക്കരയിലെ പൊതു ദര്‍ശനത്തിനുശേഷം ഭൗതിക ശരീരം പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തിക്കും.  കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കി. സംസ്കാരച്ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *