അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും

Spread the love

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ബെംഗളൂരുവില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തി​ന്റെ ഭൗതികശരീരം കേരളത്തിലെത്തിക്കുക. പിന്നീട് മൃതദേഹം ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് കൊണ്ടുപോകും. അതിനു ശേഷം വൈകുന്നേരം നാല് മണിയോടെ ഭൗതികശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. അവിടുന്ന് സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് ആറ് മണിയോടെ ഇന്ദിരാഭവനിലും പൊതുദര്‍ശനമുണ്ടാകും.

നാളെ രാവിലെയോടെ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് എത്തിക്കും. തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനത്തിന് ശേഷമാകും പുതുപ്പള്ളിയിലെത്തിക്കുക. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി. റേഷന്‍കടകള്‍ക്കും ബാങ്കുകള്‍ക്കും കെഎസ്ഇബിയുടെ ഓഫീസുകള്‍ക്കും അവധിയായിരിക്കും. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി.

പുലര്‍ച്ചെ നാലരെയോടെ മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. ക്യാന്‍സര്‍ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു ഉമ്മന്‍ചാണ്ടി. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *