മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(80) അന്തരിച്ചു

Spread the love

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് ഔദ്യോഗികമായി വാർത്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബർ 31നാണ് ജനനം. പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായ ഉമ്മൻ ചാണ്ടി ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു. കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം അദ്ദേഹത്തിലെ നേതാവിനെ പാകപ്പെടുത്തി. 1967ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായും 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും​ തെരഞ്ഞെടുക്കപ്പെട്ടു.

അഞ്ചു പതിറ്റാണ്ട് നിയമസഭയിൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച ഉമ്മൻ ചാണ്ടി നാലു തവണ മ​ന്ത്രിയും രണ്ടു തവണ മുഖ്യമന്ത്രിയുമായി. 2004-2006, 2011-2016 കാലഘട്ടങ്ങളിലാണ് മുഖ്യമന്ത്രി പദവി വഹിച്ചത്. പുതുപ്പള്ളിയിൽനിന്ന് തുടർച്ചയായി 12 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയ ജീവിതത്തിലെ അദ്ദേഹത്തിന്റെ ജനകീയത തെളിയിക്കുന്നു. നിലവിൽ ​ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു.മറിയാമ്മയാണ് ഭാര്യ. മക്കൾ: മരിയ, അച്ചു, ചാണ്ടി ഉമ്മൻ.

Leave a Reply

Your email address will not be published. Required fields are marked *