ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി മോദി;
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങുകയാണ്. നാളെയാണ് യാത്ര തിരിക്കുക. ജൂലൈ 14 മുതൽ 16 വരെയാണ് സന്ദർശനം. ഇത്തവണ ആയുധ ഇടപാടുകളടക്കം പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. റഫാൽ യുദ്ധവിമാന കരാറിലും ഒപ്പുവയ്ക്കും. 26 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ തയ്യാറാക്കിയിരിക്കുന്നത്.
26 റഫാല്‍ യുദ്ധവിമാനങ്ങള്‍, മൂന്ന് അധിക സ്കോര്‍പീന്‍ അന്തര്‍വാഹിനികള്‍, ജെറ്റ് എഞ്ചിന് സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവയെല്ലാം കരാറിലൂടെ സാധ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ആയുധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സേനകള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
സുരക്ഷാഭീഷണി വര്‍ധിക്കുന്നതിനാല്‍ പുതിയ ആയുധങ്ങള്‍ എത്രയും വേഗം വേണമെന്ന് നാവികസേന ആവശ്യപ്പെടുന്നുണ്ട്. പ്രൊജക്ട് 75ന്റെ ഭാഗമായി സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും സേന ചോദിച്ചിട്ടുണ്ട്. ഇക്കാര്യങ്ങലിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 36 റഫാലുകള്‍ക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാര്‍ ഒപ്പിട്ടത്. നേരത്തേ 36 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്.