കൈക്കൂലിക്കേസിൽ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ പരാതികൾ

Spread the love

ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. തൃശൂരിലും കൊച്ചിയിലും ഡോക്ടർക്ക് സ്വന്തം പേരിൽ വീടുണ്ട്.ഈ രണ്ടിടത്തും റെയ്ഡ് നടന്നിരുന്നു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലെ വീട്ടിൽ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച പണം പരിശോധനയിൽ കണ്ടെത്തി.

വീട്ടിനകത്ത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചികളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. പതിനഞ്ച് ലക്ഷത്തിലധികം രൂപ ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്നു. രണ്ടായിരം രൂപയുടെ 25 നോട്ടുകളുടെ ഒരു കെട്ടും കണ്ടെത്തി. കൈക്കൂലി വാങ്ങിയ കവറടക്കമാണ് പിടികൂടിയത്.

ഓപ്പറേഷന്‍ നടത്താന്‍ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ ഓപ്പറേഷന് ഡേറ്റ് നല്‍കാന്‍ താന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 രൂപ എത്തിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

ശസ്ത്രക്രിയക്ക് ഡേറ്റ് നല്‍കാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാള്‍ നടത്തിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ കൈമാറവെ ഡോക്ടറെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇതിനുമുൻപും ഷെറി ഐസക്കിനെതിരെ നിരവധി പരാതികൾ മെഡിക്കല്‍ കോളെജിലെത്തിയിരുന്നു. മാര്‍ച്ച് 9ന്  ശസ്ത്രക്രിയക്കായി ചാലക്കുടി സ്വദേശിയില്‍ നിന്ന് 3500 രൂപ വാങ്ങിയെന്ന പരാതിയും എത്തിയിരുന്നു. മെഡിക്കല്‍ കോളേജ് ഇത് ശരിവച്ചെങ്കിലും ഡിഎംഇ തലത്തില്‍ അന്വേഷണമല്ലാതെ നടപടികളൊന്നും ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *