ഇന്ന് വോട്ടെണ്ണൽ; ബംഗാളിൽ കനത്ത സുരക്ഷ, നിർണായക വിധി കാത്ത് പ്രമുഖ പാർട്ടികൾ
സംഘർഷങ്ങൾക്കും, അക്രമ സംഭവങ്ങൾക്കുമൊടുവിൽ ബംഗാളിൽ ഇന്ന് വോട്ടെണ്ണൽ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് വരിക. 339 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിട്ടുള്ളത്. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. കേന്ദ്ര സേന സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളെ കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. എല്ലാ വോട്ടണ്ണെൽ കേന്ദ്രങ്ങളും കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ കക്ഷികൾക്ക് നിർണായകമാണ്.
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു. ബിജെപി, കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ആക്രമണങ്ങളിൽ ആകെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങൾക്കിടെ ബംഗാളിൽ പോളിംഗ് ബൂത്തുകൾ ഗവർണർ സി വി ആനന്ദ ബോസ് സന്ദർശിച്ചിരുന്നു.