മഴ ശമിച്ചു,ദുരിതം ശമിച്ചില്ല, ക്യാംപുകൾ സജീവം; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്തിരുന്ന മഴയുടെ തീവ്രത ഇപ്പോൾ ശമിച്ചിരിക്കുകയാണ്. എന്നാൽ മഴപ്പെയ്ത്ത് ഒഴിഞ്ഞ അത്ര എളുപ്പത്തിൽ അതുണ്ടാക്കിയ ദുരിത പെയ്ത്ത് അവസാനിക്കുന്നില്ല. വിവിധ ജില്ലകളിൽ ഉണ്ടായ, വെളളക്കെട്ടും, മറ്റ് നാശനഷ്ടങ്ങൾ ഉൾപ്പെടെ ഇപ്പോഴും ജനജീവിതം ദുസ്സഹമാക്കുകയാണ്. തീരദേശങ്ങളിൽ ഉൾപ്പെടെ ആളുകൾ അതീവ ജാഗ്രതയിലാണ് കഴിയുന്നത്. വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാപുകളിൽ നിരവധിപ്പേർ കഴിയുന്നുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് ജില്ലകളിലെ നിശ്ചിത മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ നിശ്ചിത പ്രദേശങ്ങളിലാണ് ഇന്ന്(2023 ജൂലൈ 10) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 10 തിങ്കളാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് (ജൂലൈ 10 തിങ്കളാഴ്ച) അവധിയാണ്.കൂടാതെ തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (10/7/2023) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി. എന്നാൽ സർവകലാശാല പരീക്ഷകൾക്കും മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും അവധി ബാധകമല്ല.