ഓൺലൈനായി അക്കൗണ്ട് മാറി പണം അയച്ചത് തിരിച്ചെടുക്കാം

Spread the love

ഏറെ സുരക്ഷിതമായ പേയ്‌മെന്റ് രീതിയാണ് യൂണിഫേഡ് പേയ്‌മെന്റ് ഇൻര്‍ഫേസ് എന്നറിയപ്പെടുന്ന യുപിഐ. എന്നിരുന്നാലും ചിലപ്പോള്‍ പിശകുകള്‍ കാരണം പണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്.

പലപ്പോഴും തെറ്റായ യുപിഐ ഐഡി നല്‍കി പണം മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ അയക്കാറുണ്ട്. ഈ സാഹചര്യങ്ങളില്‍ പണം നഷ്ടമായെന്ന് കരുതി സങ്കടപ്പെടാറാണ് പതിവ്. എന്നാല്‍ ഇതിന് പരിഹാരമുണ്ടെന്ന് കാര്യം എത്രപേര്‍ക്കറിയാം?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനായി ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണം നഷ്ടമായാല്‍ ആദ്യം പേയ്‌മെന്റ് സംവിധാനത്തിലാണ് പരാതി സമര്‍പ്പിക്കേണ്ടത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സ്ഥാപനങ്ങളുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഓഫീസുകള്‍ വഴി റീഫണ്ടിന് അഭ്യര്‍ത്ഥിക്കാവുന്നതാണ്. ഇടപാട് വിശദാംശങ്ങള്‍ പങ്കുവെച്ച്‌ ബാങ്കിലും പരാതി നല്‍കേണ്ടതുണ്ട്. പണം തെറ്റായി നല്‍കിയാല്‍ പരാതി ലഭിച്ച്‌ 48 മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കണമെന്നാണ് ആര്‍ബിഐ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. ഇടപാട് നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പരാതി നല്‍കാൻ ഉപയോക്താവിന് കഴിയണം.

18001201740 എന്ന നമ്ബറില്‍ വിളിച്ച്‌ പരാതി നല്‍കാവുന്നതാണ്. ഇതിന് ശേഷം ബന്ധപ്പെട്ട ബാങ്കില്‍ പോയി എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ഫോം പൂരിപ്പിച്ച്‌ നല്‍കണം. ബാങ്ക് സഹായിക്കാൻ വിസമ്മതിച്ചാല്‍ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാൻ എന്നറിയപ്പെടുന്ന മുതിര്‍ന്ന വ്യക്തിയ്‌ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്. ആര്‍ബിഐ നിയോഗിച്ചിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്‌സ്മാൻ. യുപിഐ, ക്യുആര്‍ കോഡ്, മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടപാടുകള്‍ക്കായുള്ള ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് തോന്നിയാല്‍ ഉപയോക്താവിന് ഇവിടെ പരാതിപ്പെടാം. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ ഫണ്ട് അയച്ചാലും ഓംബുഡ്‌സ്മാനോട് പരാതിപ്പെടാം.

ചാടികയറി ഓണ്‍ലൈൻ ഇടപാടുകള്‍ നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വീകര്‍ത്താവിന്റെ യുപിഐ ഐഡി, ഫോണ്‍ നമ്ബര്‍, കൈമാറ്റം ചെയ്യപ്പെടുന്ന തുക, അയക്കുന്ന ആളുടെ അക്കൗണ്ടിന്റെ യുപിഐ പിൻ എന്നിവ നല്‍കുമ്ബോള്‍ ശ്രദ്ധിക്കണം. ഇവയില്‍ ഏതെങ്കിലും തെറ്റിയാല്‍ വലിയ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് തെറ്റുകള്‍ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *