മഹാരാഷ്ട്ര രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് രാജ് താക്കറെ
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍ ശരദ് പവാറാണെന്ന് രാജ് താക്കറെ. മഹാരാഷ്ട്ര നവ നിര്മ്മാണ് സേന തലവന്‍ പറയുന്നത് എന്‍സിപി പിളര്‍പ്പും ബിജെപിക്കൊപ്പം ചേര്‍ന്നുള്ള അജിത് പവാറിന്റെ സത്യപ്രതിജ്ഞയും അടക്കം കാര്യങ്ങള്‍ എന്‍സിപി തലവന്‍ ശരദ് പവാറിന്റെ അനുഗ്രഹാശിസുകളോടെ ആണെന്നാണ്. സീനിയര്‍ പവാര്‍ അറിയാതെ ഒന്നും നടക്കില്ലെന്നും എംഎന്‍എസ് തലവന്‍ പറയുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണ്. ഇത് മഹാരാഷ്ട്രയിലെ വോട്ടര്‍മാരെ അവഹേളിക്കുന്നത് അല്ലാതെ മറ്റൊന്നുമല്ല.
ശരദ് പവാര്‍ തന്നെയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ തുടങ്ങിവെച്ചതെന്ന് പറഞ്ഞ രാജ് താക്കറെ 1978ലെ ആദ്യ പവാര്‍ മന്ത്രിസഭയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. പുലോഡ് സര്‍ക്കാര്‍ എന്ന് വിളിപ്പേരുള്ള പുരോഗമി ലോക്ശാഹി ദള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതും ഇങ്ങനെയാണ്. ( 1978ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വസന്ത്ദാദ പട്ടീല്‍ സര്‍ക്കാരില്‍ നിന്നും പുറത്തുവന്ന ശരദ് പവാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (എസ്) രൂപീകരിച്ചു. പിന്നീട് പ്രോഗ്രസീവ് ഡമോക്രോറ്റിക് ഫ്രണ്ട് അഥവാ പുരോഗമി ലോക്ശാഹി അഘാഡി എന്ന പേരില്‍ സഖ്യസര്‍ക്കാരുണ്ടാക്കി. ജനതാ പാര്‍ട്ടിയോടും പെസന്റ്സ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായിരിന്നു സഖ്യസര്‍ക്കാരിലെ കൂട്ടുകക്ഷികള്‍)
ഇത്തരത്തില്‍ മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോയി മറ്റുള്ളവരെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുന്നതിന് തുടക്കമിട്ടത് ശരദ് പവാര്‍ ആണെന്നും അന്നാണ് ആദ്യമായി മഹാരാഷ്ട്ര ഇത്തരം രാഷ്ട്രീയ തിരക്കഥ കണ്ടുതുടങ്ങിയതെന്നും രാജ് താക്കറെ പറഞ്ഞു. എല്ലാം പവാറില്‍ നിന്നാണ് തുടങ്ങിയത് പവാറില്‍ തന്നെ അവസാനിക്കട്ടെയെന്നും രാജ് താക്കറെ പറഞ്ഞു.
പ്രഫൂല്‍ പട്ടേല്‍, ദിലീപ് വല്‍സേ പട്ടീല്‍ ഛഗന്‍ ഭുജ്പാല്‍ എന്നിവര്‍ സ്വയം തീരുമാനിച്ച് അജിത് പവാറിനൊപ്പം പോകുന്നവരല്ല.
ശരദ് പവാറിന്റെ അനുഗ്രഹാശിസുകള്‍ ഇല്ലാതെ ഇവര്‍ മൂവരും ഒന്നും ചെയ്യില്ലെന്ന് ഉറപ്പാണെന്നും രാജ് താക്കറെ പറഞ്ഞു.