പറക്കും കള്ളനെ പിടികൂടി തിരുവനന്തപുരം സിറ്റി പൊലീസ്
അന്തർ സംസ്ഥാന കള്ളനെ പിടികൂടി തിരുവനന്തപുരം പൊലീസ്. തെലങ്കാന സ്വദേശി ഉമാപ്രസാദിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടിയത്. തലസ്ഥാനത്ത് നടന്ന നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. കൗതുകം ഉണർത്തുന്ന കാര്യം ഇയാൾ തെലങ്കാനയിൽ പൊലീസ് സ്റ്റേഷനിൽ പാർട്‌ടൈം ജോലിക്കാരനാണ് എന്നതാണ്.
വളരെ ആസൂത്രിതമായ മോഷണമാണ് ഉമാപ്രസാദ് നടത്തിയിരുന്നത്. ഇയാളുടെ യാത്രകളത്രയും വിമാനമാർഗമാണ്. തിരുവനന്തപുരത്തെത്തിയതിനുശേഷം പിന്നീട് ഓട്ടോകളിൽ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. സ്വർണമടക്കം മോഷ്ടിച്ച് പണയം വെച്ചാണ് ഇയാൾ പണമുണ്ടാക്കിയിരുന്നത്.
മെയ് മാസത്തിൽ തലസ്ഥാനത്ത് വന്ന ഇയാൾ നിരവധി സ്ഥലങ്ങൾ കണ്ടുവെച്ചിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനം നടത്തി.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണറാണ് വിവരങ്ങൾ പങ്കുവച്ചത്.