വരാനിരിക്കുന്നത് വമ്പന്‍ പ്രോജക്ട്, നായകന് സൂപ്പര്‍ സ്റ്റാര്‍; ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത് ജൂഡ് ആന്തണി
‘2018’ സൂപ്പര്‍ ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കളുമായി കൈകോര്‍ത്ത് ജൂഡ് ആന്തണി. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സുമായാണ് ജൂഡ് ഒന്നിക്കുന്നത്. ലൈക പ്രൊഡക്ഷന്‍ ആണ് ട്വിറ്റര്‍ പേജിലൂടെ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഉടന്‍ വരുന്ന പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തില്‍ നിന്നും ഇതാദ്യമായാകും യുവ സംവിധായകന് വമ്പന്‍ നിര്‍മ്മാണക്കമ്പനിയുമായി സഹകരിക്കുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന പ്രോജക്ട് വലിയ മുതല്‍ മുടക്കിലാകും ഒരുങ്ങുക.
ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാകും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ്, 2018 എന്നീ നാല് സിനിമകള്‍ മാത്രം ചെയ്ത് മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറി ഒരാളാണ് ജൂഡ് ആന്തണി.
ഇതില്‍ മുത്തശ്ശി ഗദ ഒഴിച്ച് ബാക്കി മൂന്ന് സിനിമകളും ഹിറ്റുകള്‍ ആയിരുന്നു. അതേസമയം, 2018 ഗംഭീര വിജയമാണ് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഇതോടെ മറ്റ് ഭാഷകളില്‍ നിന്നും വമ്പന്‍ ഓഫറുകളാണ് ജൂഡിനെ തേടിയെത്തുന്നത്. ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും നിര്‍മാണ കമ്പനികള്‍ അടുത്ത പ്രോജക്ടിനായി സംവിധായകനെ സമീപിച്ചിരുന്നു.