രക്ഷപ്പെട്ടെന്ന് കരുതേണ്ട, സല്‍മാനെ ഉറപ്പായും വധിക്കും; ഭീഷണിയുമായി ഗുണ്ടാ നേതാവ്
സല്മാന് ഖാന് വീണ്ടും വധഭീഷണി. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഒളിവിലുള്ള ഗുണ്ടാനേതാവായ ഗോള്‍ഡി ബ്രാര്‍ ആണ് താരത്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
സിദ്ധു മൂസേവാല വധത്തിലെ മുഖ്യസൂത്രധാരന്‍ കൂടിയാണ് ഗോള്‍ഡി ബ്രാര്‍. ”അവനെ തീര്‍ച്ചയായും കൊല്ലും. താന്‍ മാപ്പ് പറയില്ലെന്ന് ഭായ് സാഹിബ് (ലോറന്‍സ്) വ്യക്തമാക്കിയിട്ടുള്ളതാണ്. കരുണ സ്വയം തോന്നുമ്പോള്‍ മാത്രമേ ബാബ അത് കാണിക്കൂ”, ജയിലില്‍ കിടക്കുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ വാക്കുകള്‍ ചൂണ്ടിക്കാണിച്ച് ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.
”ഇത് സല്മാന് ഖാനെക്കുറിച്ച് മാത്രമല്ല പറയുന്നത്. ഞങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ശത്രുക്കള്‍ക്കെതിരെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. സല്മാന് ഖാനാണ് ഇപ്പോഴത്തെ ഞങ്ങളുടെ ലക്ഷ്യം, , ഗോള്‍ഡി ബ്രാര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ മെയ് മാസം, കനേഡിയന്‍ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ 25 കുറ്റവാളികളുടെ കൂട്ടത്തില്‍ ഗോള്‍ഡി ബ്രാര്‍ എന്ന് വിളിപ്പേരുള്ള സതീന്ദര്‍ സിംഗ് ബ്രാറിനെ ഉള്‍പ്പെടുത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ പെടുന്നയാളാണ് പഞ്ചാബ് സ്വദേശിയായ ഗോള്‍ഡി ബ്രാര്‍.
2017 ല്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തിയ ആളാണ് ഈ 29 കാരന്. 2022 മെയ് 29 ന് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെടിയേറ്റ് മരിച്ച സിദ്ധു മൂസേവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ കൊലപാതകത്തിനു പിന്നിലും ഇയാള്‍ക്ക് പങ്കുണ്ട്.