സുധാകരൻ സ്ഥാനം ഉപേക്ഷിക്കണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണം; എം.വി ഗോവിന്ദൻ
കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരായ കേസിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന കോൺഗ്രസിന്റെ വാദം അംഗീകരിക്കുന്നില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന്റെ വാദം കേരളത്തിലെ ജനം അംഗീകരിക്കില്ല. ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. കൃത്യമായ തെളിവുകളുണ്ടെന്നാണ് മനസിലാക്കുന്നത്.
ഇത് രാഷ്ട്രീയ കേസല്ല, ഗൗരവമേറിയ തട്ടിപ്പ് കേസാണ്. തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ ഈ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയാണോയെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് ഞങ്ങളുടെ വിഷയമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഉമ്മൻചാണ്ടി മുൻപ് പറഞ്ഞത് പോലെ കേസും അതിന്റെ അനുബന്ധ നടപടികളും അതിന്റെ വഴിക്ക് നടക്കും. കൈകാര്യം ചെയ്യുകയെന്ന് മാത്രമേ അക്കാര്യത്തിൽ പറയാനുള്ളൂ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്, മുൻപത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്. അതെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ക്രിമനൽ കേസുമായി ബന്ധപ്പെട്ട നടപടിയും രാഷ്ട്രീയ പ്രക്രിയകളും കൂട്ടിയിണക്കേണ്ട കാര്യമില്ല. ഇന്ത്യയിൽ ഇന്ന് ഏറ്റവും ശക്തമായി എതിർക്കേണ്ടത് ബിജെപിയെയാണ്. കേരളത്തിൽ ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ്. അവർ സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ നിലപാടാണ്. കേസുള്ളവരല്ലേ? ആരെങ്കിലും കരുതിയാൽ ഒരാളെ കുടുക്കാൻ കഴിയുമോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.