ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍?; രണ്ട് പേര് നിര്‍ദ്ദേശിച്ച് ഗവാസ്‌കര്‍, ഹാര്‍ദ്ദിക് ഇല്ല
ഇന്ത്യന്‍ നായകനായുള്ള രോഹിത് ശര്‍മ്മയുടെ വാഴ്‌വ് അധികം വൈകാതെ അവസാനിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനാല്‍ തന്നെ പുതിയ നായകന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മുന്‍താരങ്ങള്‍ പലരുടെയും പേരുകള്‍ ഇതിലേക്ക് നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഏകദിന, ടി20 ടീമിന്റെ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ ടെസ്റ്റ് ടീം നായകന്‍ ആരായിരിക്കുന്ന എന്നതില്‍ തീര്‍ച്ചയില്ല. ഇപ്പോഴിതാ ഇതിലേക്ക് രണ്ട് പേരുകള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
എന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഒരു ഓപ്ഷന്‍ ശുഭ്മാന്‍ ഗില്ലാണ്. മറ്റൊരു ഓപ്ഷന്‍ അക്ഷര്‍ പട്ടേലാണ്. അക്ഷര്‍ വളരെ വേഗത്തില്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ക്രിക്കറ്ററാണ്. ഓരോ മല്‍സരത്തിലും അവന്‍ കൂടുതല്‍ മികച്ച താരമായി മാറുന്നു. അക്ഷറിനു വൈസ് ക്യാപ്റ്റന്റെ ഉത്തരവാദിത്വം നല്‍കണമെന്നാണ് എന്റെ അഭിപ്രായം.
ഈ രണ്ടു പേരുമാണ് എന്റെ കാഴ്ചപ്പാടില്‍ ഭാവിയില്‍ നായകസ്ഥാനത്തേക്കു ഏറ്റവും അനുയോജ്യരായ രണ്ടു പേര്‍. ഇവരെ കൂടാതെ മറ്റാരെങ്കിലുമുണ്ടെങ്കില്‍ ഇഷാന്‍ കിഷന്‍ നായകസ്ഥാനത്തേക്കു പരിഗണിക്കാവുന്ന താരമാണ്. ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഇതേക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഗില്ലിന്റെ പേര് എല്ലാവരും തന്നെ നായകസ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കുന്നതാണ്. എങ്കിലും ഇതാദ്യമായാണ് അക്ഷറിനെ ഒരാള്‍ ക്യാപ്റ്റന്റെ റോളിലേക്കു നിര്‍ദേശിക്കുന്നത്.