വന്യജീവി ആക്രമണത്തിന് ചികിത്സാച്ചെലവ് ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി; രണ്ട് ലക്ഷംവരെ കിട്ടും
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ചികിത്സാച്ചെലവിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് സർക്കാർ. വന്യമൃഗ ആക്രമണം മൂലം പരിക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവായി പരമാവധി നൽകുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇത് ലഭിക്കാൻ സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറോ സർക്കാർ സർവിസിലെ മെഡിക്കൽ ഓഫിസറോ സാക്ഷ്യപ്പെടുത്തിയാൽ പണം ലഭിക്കും.
പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും സർക്കാർ ഡോക്ടർ ചികിത്സാ സാക്ഷ്യപത്രം നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇത് പ്രായോഗികമല്ലെന്ന് സർക്കാർ ഡോക്ടർമാർ അറിയിച്ചു. ഇതോടെ നഷ്ടപരിഹാരം ലഭിക്കാതെ വന്നതായി വനം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് വ്യവസ്ഥയിൽ മാറ്റം വരുത്തിയത്.
സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ടുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ചികിത്സാ ചെലവിനായി സർക്കാർ സർവിസിലെ മെഡിക്കൽ ഓഫിസർതന്നെ സാക്ഷ്യപ്പെടുത്തണം. പട്ടികവർഗ വിഭാഗക്കാർക്ക് ചികിത്സക്ക് ചെലവാകുന്ന മുഴുവൻ തുകയും തിരികെ ലഭിക്കും.