വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
വൈക്കത്ത് 14പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ മറവന്തുരുത്ത് മൃഗാശുപത്രിയില്‍വെച്ചാണ് ചത്തത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു.
തിങ്കളാഴ്ചയായിരുന്നു പതിനാല് പേരെ കടിച്ച നായയെ പിടികൂടിയത്. നായയുടെ കടിയേറ്റവര്‍ക്ക് കൃത്യമായി കുത്തിവയ്പ്പ് നല്‍കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറവന്തുരുത്ത് പഞ്ചായത്ത് അറിയിച്ചു. 23 പേര്‍ക്ക് വാക്സിന് നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് രമ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് വ്യക്തമാക്കി മന്ത്രി എംബി രാജേഷ് രംഗത്തെത്തിയിരുന്നു. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ എന്നും വ്യക്തമാക്കി. മാരകമായ മുറിവുള്ള, ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഓട്ടിസം ബാധിച്ച കുട്ടി തെരുവുനായയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ സുപ്രീം കോടതി പരാമര്‍ശം നടത്തുന്നത്. സുപ്രീം കോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയ്ക്കായി അഭിഭാഷകന് കെ ആര് സുഭാഷ് ചന്ദ്രനാണ് ഹര്‍ജി പരാമര്‍ശിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും, ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി മരിച്ചതും അഭിഭാഷകന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.