ചോദ്യം ചെയ്തപ്പോള്‍ ചിരിച്ചു, എന്‍ജിനിയറുടെ മുഖത്തടിച്ച് വനിതാ എം.എല്‍.എ
അനധികൃത കെട്ടിടം പൊളിക്കുന്ന സംഭവത്തില്‍ വനിതാ എംഎല്‍എ ചോദ്യം ചെയ്യലിനിടെ എന്‍ജിനീയറെ കയ്യേറ്റം ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. മഴക്കാലത്ത് കുടുംബങ്ങളെ തെരുവിലിറക്കി കെട്ടിടം പൊളിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ എന്‍ജിനിയര്‍ ചിരിച്ചതില്‍ പ്രകോപിതയായ എംഎല്‍എ മുഖത്തടിക്കുകയായിരുന്നു. താനെ എംഎല്‍എ ഗീത ജെയിനാണ് ജൂനിയര്‍ സിവില്‍ എന്‍ജിനീയറുടെ മുഖത്തടിച്ചത്.
അനധികൃതമായ കൈയ്യേറ്റങ്ങള്‍ മഴക്കാലത്തിന് മുന്നോടിയായി ഒഴിപ്പിക്കുവാനുള്ള ശ്രമത്തിനിടെയാണ് സംഭവം നടന്നത്. കാശിനിരയിലെ പെന്‍കാര്‍പാടയിലാണ് വനിതാ എംഎല്‍എ എന്‍ജിനീയറെ കൈയേറ്റം ചെയ്തത്. ഇതിന് പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. എന്‍ജിനിയര്‍മാരോട് എംഎല്‍എ കയര്‍ത്ത് സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ഇതിലൊരാളുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് മുഖത്തടിക്കുകയും ചെയ്തു.
അതേസമയം കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ തെരുവിലായ സ്ത്രീകളെ നോക്കി എന്‍ജിനിയര്‍ പരിഹസിച്ച് ചിരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് എംഎല്‍എ വ്യക്തമാക്കി. മഴക്കാലത്ത് ആള്‍താമസമുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കരുതെന്ന സര്‍ക്കാര്‍ ധാരണ ഉള്ളപ്പോഴാണ് ഇത് സംഭവിച്ചതെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
നിരാലംബയായ യുവതിയെയും കുട്ടിയെയും നോക്കി പരിഹസിച്ച് ചിരിച്ചതാണ് തനിക്ക് ദേഷ്യമുണ്ടാക്കിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അനധികൃതമായി നിര്‍മിച്ച ഭാഗം മാത്രം പൊളിയ്ക്കാതെ മുന്സിപ്പാലിറ്റിക്കാര് കെട്ടിടം മുഴുവന്‍ പൊളിച്ചതായും എംഎല്‍എ ആരോപിച്ചു. പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് പതിനഞ്ച് ദിവസം മുന്‍പ് മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ തനിക്ക് കുറ്റബോധമില്ലെന്നും തുടര്‍ന്നുണ്ടാകുന്ന അനന്തരഫലങ്ങള്‍ നേരിടാന്‍ താന്‍ തയ്യാറാണെന്നും എംഎല്‍എ വിശദമാക്കി.