അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 45,637 ലഹരിക്കേസുകള്‍, ഏറ്റവും കൂടുതല്‍ എറണാകുളത്ത്

Spread the love

കേരളത്തില്‍ അഞ്ച് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 45,637 ലഹരിക്കേസുകളെന്ന കണക്കുപുറത്തുവിട്ട് എക്‌സൈസ്. മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ് (358 എണ്ണം), കുറവ് കാസര്‍ഗോഡും (31). 14.66 കോടി രൂപയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം.

അഞ്ച് മാസത്തിനിടെ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 2740 മയക്കുമരുന്ന് കേസുകള്‍. ജനുവരി മാസത്തില്‍ 494-ഉം, ഫെബ്രുവരി- 520, മാര്‍ച്ച് -582, ഏപ്രില്‍ -551, മെയ് -585 എന്നിങ്ങനെയാണ് മയക്കുമരുന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മയക്കുമരുന്ന കേസുകളില്‍ 2726 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിന്‍, 4.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എല്‍എസ്ഡി, 191.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 276 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

8003 അബ്കാരി കേസുകളും 34,894 പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും എടുത്തു. അബ്കാരി കേസുകളില്‍ 6926 പേര്‍ പിടിയിലായി. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 836 റെയ്ഡുകളും എക്സൈസ് ഇക്കാലയളവില്‍ നടത്തി..

Leave a Reply

Your email address will not be published. Required fields are marked *