അക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല, പരാജയത്തെ ഞാന്‍ ഭയക്കുന്നുണ്ട്, എങ്കിലും ഇനി പത്ത് സിനിമകള്‍ കൂടിയെത്തും; പ്രഖ്യാപനവുമായി ലോകേഷ് കനകരാജ്
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് ആരാധകര്‍ ഏറെയാണ് ‘കൈതി’യില്‍ ആരംഭിച്ച് ‘വിക്രം’ സിനിമയില്‍ വരെ എത്തി നില്‍ക്കുകയാണ് എല്‍സിയു. തന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് സംബന്ധിച്ച് ആദ്യമായി വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ഇനിയും പത്ത് സിനിമകള്‍ എല്‍സിയുവില്‍ ഉണ്ടാകുമെന്നാണ് സംവിധായകന്‍ പറയുന്നത്.
പത്ത് സിനിമകളാണ് എല്‍സിയുവില്‍ ഉണ്ടാകുക. അതിന് ശേഷം അത് അവസാനിപ്പിക്കും. ഇങ്ങനെ ഒരു യൂണിവേഴ്സ് സംഭവിച്ചതിന് കൂടെ വര്‍ക്ക് ചെയ്ത അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍ക്കാണ് നന്ദി പറയേണ്ടതുണ്ട്. എല്ലാ നടന്മാര്‍ക്കും അവരുടേതായ ഒരു ഫാന്‍ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയില്‍ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കും.
ഒരു ശ്രമം എന്ന നിലയ്ക്കാണ് ‘വിക്രം’, ‘കൈതി’ സിനിമകളെ കണക്ട് ചെയ്തു ഒരു ക്രോസ്സ് ഓവര്‍ ആയി കൊണ്ടുവന്നത്. പക്ഷെ അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത് എന്നാണ് ലോകേഷ് കനകരാജ് എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വിജയ്‌യെ നായകനാക്കി ‘ലിയോ’ എന്ന സിനിമയാണ് ലോകേഷ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ലിയോ എല്‍സിയുവിന്റെ ഭാഗമാണോ എന്നത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് ലോകേഷ് പറയുന്നത്. വിജയം ആഘോഷിക്കുന്നതിനെക്കാള്‍ പരാജയത്തെ താന്‍ ഭയക്കുന്നുണ്ടെന്നും. ഹീറോ ഫ്രണ്ട്‌ലി, ഫാന്‍സ് ഫ്രണ്ട്‌ലി, പ്രൊഡ്യൂസര്‍ ഫ്രണ്ട്‌ലി തുടങ്ങിയ എല്ലാ ടാഗും താന്‍ ഇഷ്ടപ്പെടുന്നുവെന്നും ലോകേഷ് പറയുന്നുണ്ട്.
അതേസമയം, ലിയോയുടെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു നൃത്ത രംഗത്തിനായി 100 നര്‍ത്തകരാണ് പങ്കെടുത്തത്. തൃഷയാണ് ചിത്രത്തില്‍ നായിക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കാശ്മീരില്‍ ആയിരുന്നു ചിത്രീകരിച്ചത്.