പതിനായിരം കോടിയുടെ ഹവാല ഇടപാട്; സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഒരേ സമയം ഇ.ഡി റെയ്ഡ്

Spread the love

സംസ്ഥാനത്ത് കൊല്ലം മുതല്‍ മലപ്പുറം വരെ ഇഡി റെയ്ഡ്. കേരളത്തിലേക്ക് വന്‍തോതില്‍ ഹവാലപ്പണം ഒഴുകുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 15 ഇടങ്ങളിലായി ഇഡി റെയ്ഡ് നടക്കുന്നത്. 150 പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാത്രി വൈകിയും നടക്കുന്ന റെയ്ഡിലുള്ളത്.

10,000 കോടി രൂപ ഹവാലപ്പണം കേരളത്തിലേക്ക് അടുത്ത കാലത്തായി എത്തിയെന്നാണ് ഇഡി മൂന്ന് വര്‍ഷമായി നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് വന്‍തോതില്‍ ഹവാല ഇടപാട് നടത്തുന്ന 25ല്‍ അധികം ഹവാല ഓപ്പറേറ്റര്‍മാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്.

എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷന്‍സ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഒരേസമയത്താണ് കേരളത്തിലെ 15 ഇടങ്ങളില്‍ റെയ്ഡ് തുടങ്ങിയത്.

കൊച്ചിയില്‍ പെന്റാ മേനക ഷോപ്പിംഗ് മാളിലെ മൊബൈല്‍ ആക്സസറീസ് മൊത്തവില്‍പ്പനശാല, ബ്രോഡ്വേയ്ക്ക് സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന മൊത്തവില്‍പ്പനശാല, കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍, തുണിത്തരങ്ങളുടെ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

കൊച്ചിയിലെ പെന്റാ മേനകയില്‍ മാത്രം ദിവസവും 50 കോടി രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. അമ്പതോളം രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഹവാലപ്പണം എത്തുന്നത് എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *