തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ കെ എസ് അരുൺകുമാർ
കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ കെ എസ് അരുൺകുമാർ. പൊതുവേദികളിൽ സ്ഥിരസാന്നിധ്യമായി ശ്രദ്ധേയനായ യുവനേതാവാണ് അരുൺകുമാർ.സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ഇദ്ദേഹം നിലവിൽ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ പദവികളിൽ പ്രവർത്തിക്കുന്നു. ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി, മുൻ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
കെ റെയിൽ വിഷയത്തിലുൾപ്പെടെ സർക്കാരിനായി ശക്തമായി വാദിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന നേതാവെന്ന കാരണം തന്നെ അരുൺകുമാറിനെ മുന്നോട്ട് വെക്കുന്നതിൽ നിർണായകമായി. കാക്കനാട് സെപ്‌സിലെ തൊഴിലാളി യൂണിയൻ നേതാവായ അരുൺകുമാർ കെ- റെയിലുമായി ബന്ധപ്പെട്ട മാധ്യമചർച്ചകളിലൂടെയാണ് ജനശ്രദ്ധ നേടിയത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ചൊവ്വാഴ്ച കൂടിയാലോചിച്ച് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിരുന്നു. ബുധനാഴ്ചത്തെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ഈ പേര് ചർച്ചചെയ്ത ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്.