രശ്മികയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മാനേജര്‍; പോയത് 80 ലക്ഷത്തോളം രൂപ, കൈകാര്യം ചെയ്ത് താരം
രശ്മിക മന്ദാനയില്‍ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്ത് നടിയുടെ മാനേജര്‍. കരിയറിന്റെ തുടക്കകാലം മുതല്‍ ഒന്നിച്ചുണ്ടായ മാനേജരാണ് താരത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ ഇയാളെ താരം പിരിച്ചു വിട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.
‘രശ്മികയില്‍ നിന്ന് മാനേജര്‍ 80 ലക്ഷം രൂപ തട്ടിയെടുത്തതിനെ കുറിച്ച് കേള്‍ക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍, അത് വലിയൊരു വിഷയമാക്കി മാറ്റാന്‍ താരം ഇഷ്ടപ്പെടുന്നില്ല. അതിനാല്‍, തന്റെ മാനേജരെ പുറത്താക്കി അവര്‍ അത് സ്വയം കൈകാര്യം ചെയ്തു’ എന്ന് താരത്തോട് അടുത്തവൃത്തത്തില്‍ നിന്നുള്ള ഒരാള്‍ വെളിപ്പെടുത്തി എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വിഷയത്തില്‍ രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന സിനിമയാണ് രശ്മികയുടേതായി ഇനി പുറത്തുവരാനുള്ളത്. രണ്‍ബീര്‍ കപൂറും അനില്‍ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഓഗസ്റ്റ് 11ന് അനിമല്‍ തിയേറ്ററുകളിലെത്തും. ‘പുഷ്പ 2’വിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്തില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. അല്ലു അര്ജുന് ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.