റഹ്മാന് മീശ വെച്ചാലേ ഞാനും മീശ വെക്കൂ എന്ന് വാശി പിടിച്ചിരുന്നു,
താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന താരത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടന് ഇര്‍ഷാദ് അലി. നടന് റഹ്മാനൊപ്പം വെബ് സീരിസില്‍ അഭിനയിക്കുന്നതിന്റെ സന്തോഷമാണ് ഇര്‍ഷാദ് പങ്കുവച്ചത്. താന്‍ സിനിമയില്‍ എത്താന്‍ പ്രചോദനമായത് തന്നെ റഹ്മാന് ആണെന്നാണ് ഇര്‍ഷാദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഇര്‍ഷാദിന്റെ കുറിപ്പ്:
മീശ മുളയ്ക്കുന്ന പ്രായത്തില്‍, റഹ്മാന് മീശ വെച്ചാലേ ഞാനും മീശ വെക്കൂ എന്ന് വാശി പിടിച്ചിരുന്ന ഒരു യൗവ്വനം ഉണ്ടായിരുന്നു…. ‘കൂടെവിടെ’ മുതല്‍ കൂടെ കൂടിയതാണ് ആ ഇഷ്ടം. റഹ്മാന് രോഹിണി, റഹ്മാന് ശോഭന, അവരുടെ പ്രണയങ്ങളുടെ പിന്നാലെ എന്തുമാത്രം ഓടിയിട്ടുണ്ടന്നോ!
എത്ര കഷ്ടപ്പെട്ടാണെങ്കിലും റിലീസ് ദിനത്തിലെ ആദ്യ ഷോയ്ക്ക്, ടിക്കറ്റ് കൗണ്ടറിന്റെ നീണ്ട വരികളില്‍ ഒന്നാമനായി നെഞ്ചുവിരിച്ചു അഭിമാനത്തോടെ നിന്നിരുന്ന ഇര്‍ഷാദ് ഇന്നുമുണ്ട് എന്റെ ഉള്ളില്‍ ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍, നജീം കോയയുടെ വെബ് സീരീസ് വേണ്ടി വന്നു അദ്ദേഹവുമായി ഒരുമിച്ചഭിനയിക്കാന്‍.. കാലമേ…..നിറഞ്ഞ സ്നേഹം.
നജീം കോയയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വെബ് സീരീസിലാണ് ഇര്‍ഷാദും റഹ്മാനും വേഷമിടുന്നത്. അതേസമയം, ‘പൊന്നിയിന്‍ സെല്വന് 2’ ആണ് റഹ്മാന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ‘എതിരെ’, ‘സമാര’ എന്നിവയാണ് നടന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ‘നല്ല സമയം’ ആണ് ഇര്‍ഷാദ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.