അപ്പോഴത്തെ കൗതുകത്തില്‍ പകര്‍ത്തിയ ചിത്രമാണിത്, ഞാന്‍ ഇപ്പോഴും റിക്കവറി മോഡിലാണ്: രചന നാരായണന്‍കുട്ടി
ഡെങ്കിപ്പനി ബാധിച്ച് ആഅശുപത്രിയിലായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നടി രചന നാരായണന്‍കുട്ടി. ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായാണ് രചന ആശുപത്രിയില്‍ കിടക്കുന്ന തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. രോഗം ബാധിച്ചിട്ട് 11 ദിവസമായി എന്നും 90 ശതമാനം അസുഖം മാത്രമേ കുറഞ്ഞിട്ടുള്ളുവെന്നും പൂര്‍ണമായും മാറാന്‍ ദിവസങ്ങള്‍ എടുക്കും എന്നാണ് രചന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
രചനയുടെ കുറിപ്പ്:
എനിക്ക് അസുഖമായിട്ട് ഇന്നിത് 11-ാം ദിവസമാണ്. 90 ശതമാനവും രോഗം ഭേദമായെങ്കിലും ഞാന്‍ ഇപ്പോഴും റിക്കവറി മോഡിലാണ് എന്നുവേണം പറയാന്‍. അതെ ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊര്‍ജവും ചോര്‍ത്തിയെടുക്കുന്ന വില്ലന്‍. അതുകൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാന്‍ അനുവദിക്കരുത്, ധാരാളം വെള്ളം കുടിക്കൂ, നല്ല ഭക്ഷണം കഴിക്കൂ, അങ്ങനെ ബ്ലഡ് കൗണ്ട് ഉയര്‍ത്താം (എനിക്കറിയാം അത് ബുദ്ധിമുട്ടാണെന്ന് എങ്കിലും).
എന്റെ കഥ വളരെ ദീര്‍ഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷേ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്, ഡെങ്കു ഒരുപാടു പേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് ദയവായി സൂക്ഷിക്കൂ. ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവര്‍ക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു.
ഈ ചിത്രങ്ങള്‍ ഈ മാസം ഒമ്പതാം തീയതി പകര്‍ത്തിയതാണ്, എനിക്ക് അസുഖമാണെന്ന് മനസിലായ ആദ്യ ദിവസങ്ങളില്‍. അപ്പോഴത്തെ ഒരു കൗതുകത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളില്‍ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്, സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല.