ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച് ഇഷാന്, ഈ അഹങ്കാരിയെ ഇന്ത്യന്‍ ടീമിലും കളിപ്പിക്കരുതെന്ന് ആരാധകര്‍
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷന്. ഈസ്റ്റ് സോണ്‍ ടീമിനു വേണ്ടി ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ ഇഷാനു ക്ഷണം വന്നെങ്കിലും താരം അതു നിരസിക്കുകയായിരുന്നു.
സോണ്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് ദേബാശിഷ് ചക്രവര്‍ത്തിയാണ് ഇഷാന് കിഷനെ ഫോണില്‍ വിളിച്ച് ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ സാധിക്കുമോയെന്നു തിരക്കിയത്. പക്ഷെ താരം അതിനു വിസമ്മതിക്കുകയായിരുന്നു. പരിക്കാണോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലാണോ പിന്മാറ്റമെന്നു ഞങ്ങളോടു പറഞ്ഞിട്ടില്ല. കളിക്കാന്‍ ആഗ്രഹമില്ലെന്നു മാത്രമായിരുന്നു ഇഷാന്റെ മറുപടിയെന്നും ഈസ്റ്റ് സോണ്‍ സെലക്ഷന് കമ്മിറ്റിയംഗം വ്യക്തമാക്കി.
അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഉള്‍പ്പെടുത്തുമെന്നു ഉറപ്പായിരിക്കെയാണ് താരത്തിന്റെ സര്‍പ്രൈസ് നീക്കം. അതേസമയം ഋഷഭ് പന്തിന്റെ അഭാവത്തില്‍ നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായ കെഎസ് ഭരത് ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. സൗത്ത് സോണ്‍ ടീമിനു വേണ്ടിയാണ് താരം ഇറങ്ങുന്നത്.
ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച ഇഷാനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പിന്മാറ്റത്തിനു പിന്നില്‍ വ്യക്തമായ കാരണമില്ലെങ്കില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും ഇഷാന് കിഷനെ പരിഗണിക്കരുതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.