അവസാന നിമിഷം വരെ ‘ഞാൻ മരിക്കില്ല’ എന്നു പറഞ്ഞ സത്യൻ മാഷ്; ഓർമകൾക്ക് ഇന്ന് 52 വയസ്
മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് മലയാള സിനിമയുടെ അനശ്വര നടൻ സത്യൻ മാഷ് വിളിച്ചു പറഞ്ഞത് ‘ഞാൻ മരിക്കില്ല’ എന്നാണ്. സത്യൻ മാഷ് ഓർമയായതിൻ്റെ 52 -ാം ചരമ വാർഷികത്തിലെത്തി നിൽക്കുമ്പോൾ ആ വാക്കുകൾ പോലെ തന്നെ സത്യൻ മാഷ് മരിച്ചിട്ടില്ല, ഇന്നും ജീവിക്കുകയാണ് മലയാള സിനിമാ പ്രേമികളുടെ മനസിലൂടെ. പുതിയ തലമുറയിലെ ചലച്ചിത്ര ആസ്വാദകരെ സംബന്ധിച്ച് ചെമ്മീനിലെ മുക്കുവനായ പളനി അടക്കമുള്ള വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളായിരിക്കും പരിചിതമായിട്ടുള്ളത്.
കേരള സർക്കാരിൻ്റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്കാരം നേടിയ സത്യൻ മാഷിനുള്ളത് 1952 ൽ പുറത്തിറങ്ങിയ ആത്മസഖി മുതൽ എഴുപതിൻ്റെ തുടക്കത്തിലുള്ള അനുഭവങ്ങൾ പാളിച്ചകൾവരെ നീളുന്ന ഉജ്വലമായ ഒരു ചലച്ചിത്ര ജീവിതമാണ്. ഓരോ കഥാപാത്രങ്ങളിലും അനുകരിക്കാനാവാത്ത അഭിനയശൈലിയിലുടെ മലയാളികളെ രസിപ്പിക്കുകയായിരുന്നു ആ മഹാനടൻ. പതിവു നായക സങ്കൽപങ്ങളെയും പൊതു ധാരണകളെയും അദ്ദേഹം തിരുത്തിക്കുറിച്ചു. ശബ്ദ ഗാംഭീര്യമോ നിറമോ നായകനാവാനുള്ളതിൻ്റെ അളവുകോൽ അല്ലെന്ന് തൻ്റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.
രക്താർബുദം പിടിപ്പെട്ടായിരുന്നു 59 -ാം വയസിൽ സത്യൻ മാഷിൻ്റെ മരണം. തനിക്കുള്ള രോഗ വിവരം ആരെയും അറിയിക്കാതെയായിരുന്നു ലൊക്കേഷനുകളിൽ അദ്ദേഹം എത്തിയിരുന്നത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ലൊക്കേഷനിൽ രക്തം ഛർദ്ദിച്ച് അവശനായപ്പോഴാണ് ഒപ്പം അഭിനയിച്ചർ പോലും സത്യൻ മാഷിൻ്റെ രോഗവിവരം തിരിച്ചറിഞ്ഞത്. സത്യൻ മാഷിനൊപ്പം നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച നടി ഷീല അദ്ദേഹത്തിൻ്റെ രോഗ വിവരം മനസിലാക്കിയ സംഭവം പിന്നീട് വിവരിച്ചിട്ടുണ്ട്.
“ഞാനൊരു നേഴ്സായിട്ടാണ് ആ ചിത്രത്തിൽ അഭിനയിക്കുന്നത്. വെള്ള സാരിയുടുത്തിരിക്കുന്ന എന്റെ മടിയിൽ അദ്ദേഹം തലവെച്ച് കിടന്ന് സംസാരിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. പെട്ടെന്ന് അദ്ദേഹം എന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു. നോൽക്കുമ്പോൾ എന്റെ വെള്ള സാരിയിൽ നിറയെ ചോര. എല്ലാവരും ഭയന്നു നോക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തും മൂക്കിലും ചോര. അങ്ങനെയാണ് സത്യൻ മാഷിൻ്റെ രോഗവിവരം പുറംലോകമറിയുന്നത്. പ്രൊഡക്ഷനിലുള്ളവർ ആശുപത്രിയിൽ കൊണ്ട് പോവാമെന്ന് പറഞ്ഞെങ്കിലും ഒരു കാരണവശാലും ഷൂട്ടിംഗ് നിർത്തരുത്, ഞാൻ തിരിച്ചുവരുമെന്നു പറഞ്ഞാണ് അദ്ദേഹം ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് പോയി.പറഞ്ഞത് പോലെ തിരിച്ച് വന്ന് അഭിനയിച്ചു”, പ്രിയ താരത്തെക്കുറിച്ചുള്ള ഓർമകൾ ഷീല പങ്കുവെയ്ക്കുകയാണ്. 1971 ജൂൺ 15ന് പുലർച്ചെ 4.30 ന് പുതിയൊരു വേഷപ്പകർച്ചയ്ക്ക് അവസരമില്ലാതെ അദ്ദേഹം യാത്രയായി.
ക്ലർക്ക്, സ്കൂൾ അധ്യാപകൻ, പട്ടാളക്കാരൻ പോലീസ് ഓഫീസർ, നടൻ എന്നിങ്ങനെ പല വേഷങ്ങൾ സത്യൻ മാഷ് ജീവിതത്തിൽ കെട്ടിയാടിയിട്ടുണ്ട്. 1912 നവംബർ ഒമ്പതിന്ന് തെക്ക് തിരുവിതാംകൂറിലെ അരമട എന്ന ഗ്രാമത്തിൽ മാനുവലിൻ്റെയും ലില്ലി അമ്മയുടെയും മകനായിട്ടായിരുന്നു ജനനം. അക്കാലത്തെ ഉയർന്ന ബിരുദമായ വിദ്വാൻ പരീക്ഷ പാസായതിന് ശേഷം അധ്യാപകനായും സെക്രട്ടറിയേറ്റിൽ ക്ലർക്കായും ജോലി ചെയ്തു.
പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ടി മണിപ്പൂർ സേനയിൽ ജോലി ചെയ്തിരുന്നു. തിരികെ വന്നതിനു ശേഷം തിരുവിതാംകൂറിലെ പോലീസിൽ ചേരുകയുമായിരുന്നു. പിന്നീട് സിനിമയിലേക്കും തുടക്കം കുറിച്ചു. 1952 കാലഘട്ടത്തിലെ കേരളത്തിലെ രാഷ്ട്രീയമാറ്റത്തിനു പിന്നാലെ അന്നത്തെ ഡിഎസ്പി സിനിമാ അഭിനയത്തെ എതിർത്തതോടെ ജോലി രാജി വെച്ചായിരുന്നു അഭിനയ ലോകത്ത് സത്യൻ മാഷ് സജീവമായത്.
നാടകങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ സത്യൻ മാഷിൻ്റെ ആദ്യ സിനിമ ത്യാഗസീമ ആയിരുന്നു. എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ആത്മ സഖിയിലൂടെയാണ് വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്. 1954 ൽ റിലീസായ നീലക്കുയിലാണ് വഴിത്തിരിവായത്. രാമു കാര്യാട്ട് – പി. ഭാസ്കരൻ ടീമാണ് അണിയിച്ചൊരുക്കിയ നീലക്കുയിൽ കേന്ദ്ര സർക്കാരിൻ്റെ രജതകമലം കിട്ടിയ ആദ്യ മലയാള ചിത്രമായിരുന്നു. ഓടയിൽ നിന്ന്, ദാഹം, യക്ഷി, സ്നേഹസീമ, നായര് പിടിച്ച പുലിവാല്, ഭാര്യ, മുടിയനായ പുത്രൻ , ചെമ്മീൻ, കായംകുളം കൊച്ചുണ്ണി, ശകുന്തള, അടിമകൾ, കരകാണാക്കടൽ തുടങ്ങീ 150 ലേറെ ചിത്രങ്ങളിൽ സത്യൻ വേഷമിട്ടു. അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ മികച്ച വേഷങ്ങളായിരുന്നു ആ പ്രതിഭാശാലിയെ തേടിയെത്തിയത്. അതേ കാലയളവിൽ ആളുക്കൊരു ദൈവം, പേസും വീട് എന്നീ രണ്ട് തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.
സത്യൻ മാഷിൻ്റെ അഭിനയ ശൈലിയെ പ്രശംസിക്കുന്ന ലളിതമായ ഒരു രംഗം എക്കാലത്തും സിനിമാ പ്രേമികൾ ചർച്ച ചെയ്യാറുണ്ട്. പുകവലിയോ മദ്യപാനമോ അദ്ദേഹം ശീലിച്ചിരുന്നില്ല. സൽക്കാര സദസുകളിൽ എത്ര നിർബന്ധിച്ചാലും അദ്ദേഹം വിനയപൂർവം നിരസിക്കുമായിരുന്നു. അങ്ങനെയുള്ള മനുഷ്യനാണ് ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിൽ പ്രേം നസീറിനൊപ്പം ഷാപ്പിലിരുന്ന് മദ്യപിക്കുന്ന രംഗത്തിലൂടെ അതിശയിപ്പിച്ചത്. ഗ്ലാസിലേക്കു പകർന്ന കള്ളിലെ പൊടി തൊട്ടുതെറിപ്പിക്കുന്നതും ഷാപ്പിൽ നിന്ന് ഇറങ്ങിവരുന്ന വഴിയിൽ കിടന്ന നായയെ കള്ളു കുടിയന്മാർ ചെയ്യുമ്പോലെ കാലുമടക്കി അടിക്കുന്നതും അത്ര സ്വാഭാവികമായി സത്യൻ അവതരിപ്പിച്ചത് കണ്ട് സംവിധായകൻ സേതു മാധവൻ പോലും അന്തിച്ചിരുന്നു എന്നാണ് കഥ.
പുതിയ തലമുറയെ സംബന്ധിച്ച് മിമിക്രി താരങ്ങൾ അനുകരിച്ച് വികലമാക്കിയ സത്യൻ മാഷിനക്കുറിച്ചാകും പറയാനുള്ളത്. എന്നാൽ വെളുത്ത് ഉയരം കൂടിയ സുന്ദര നായകൻ എന്ന സങ്കൽപ്പം തന്നെ തിരുത്തിക്കുറിച്ച് കറുത്ത് ഉയരം കുറഞ്ഞ സത്യൻ മാഷ് മലയാള സിനിമയിൽ സൃഷ്ടിച്ച അത്ഭുതങ്ങൾ ഇന്നും ചരിത്ര ഏടാണ്. സമീപകാലത്ത് പ്രശംസിക്കപ്പെടുന്ന റിയലിസ്റ്റിക് ആകടിംഗ് തൻ്റെ ഓരോ കഥാപാത്രങ്ങളിലൂടെയും ജീവിച്ചു കാട്ടുകയായിരുന്നു ആ നടൻ. സൂക്ഷമായ ഭാവാഭിനയത്തിൽ ഇന്നും അനശ്വരനായി നിൽക്കുന്ന ആ അതികായനെ മറികടക്കാൻ മറ്റൊരാൾ മലയാളത്തിലുണ്ടായിട്ടില്ല എന്നത് വാസ്തവം.