സുരക്ഷാവലയം ഭേദിച്ചെത്തി ബൈക്കുകൾ, തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ബിഹാർ മുഖ്യമന്ത്രി; സുരക്ഷാ വീഴ്ചയിൽ അന്വേഷണം
വളരെയധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് ഭരണകർത്താക്കൾ എപ്പോളഴും പുറത്തിറങ്ങുന്നത്. ആ സുരക്ഷാ ക്രമീകരണങ്ങളെ ഭേദിച്ച് അവർക്ക് അപകടം നേരിട്ടാൽ അത് ഗുരുതരമായ വിഷയമാണ്. അത്തരത്തിൽ ഗുരുതരമായ ഒരു അപകടാവസ്ഥയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ 2 ബൈക്കുകൾ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. തന്റെ നേരെ പാഞ്ഞടുക്കുന്ന ബൈക്കുകൾ കണ്ട നിതീഷ് കുമാർ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകൾ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞെത്തിയത്.
സിവിൽ ലൈനിൽ പ്രഭാത സവാരി നടത്തുന്ന സമയത്തായിരുന്നു അപകടം. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. സുരക്ഷാവിഴ്ച സംബന്ധിച്ച് അന്വേഷണം ശക്തമാക്കുമെന്നാണ് വിവരം.
ഇതിനു മുൻപും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പൊതു ഇടങ്ങളിൽ നിന്ന് ആക്രമണങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ അനാച്ഛാദനത്തിന് പോയപ്പോൾ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് വന്ന് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചിരുന്നു. പല തവണ പ്രചാരണ റാലിയിൽ കല്ലേറും ഉണ്ടായിട്ടുണ്ട്.