ഇതെന്നെ ട്രോളാനാണോ അതോ സ്നേഹം കൊണ്ടാണോ? അരിക്കൊമ്പന് ഇടുക്കിയിൽ സ്മാരകം ഒരുക്കി, വേറെ ലെവൽ ആരാധനയുമായി കർഷകൻ

Spread the love

ഇടുക്കി ചിന്നക്കനാലിൽ ഭീതിപടർത്തിയ കാട്ടാന അരിക്കൊമ്പനെ കേരളം മയക്കുവെടിച്ച് വച്ച് പിടികൂടി കാടുകടത്തിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെത്തി ജനവാസ മേഖലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതോടെ തമിഴ്നാട് വനം വകുപ്പും അരിക്കാമ്പനെ മയക്കുവെടിവച്ച് പിടികൂടി കാടുകടത്തി. അരിക്കൊമ്പൻ വിതച്ച ഭീതിയിൽ ഒരു വിഭാഗം ആളുകൾ പ്രതിസന്ധിയിലായപ്പോൾ അതിന് പ്രതിവിധി കാണാൻ സർക്കാർ മുന്നിട്ടിറങ്ങി. അതേ സമയം ആനയെ തിരികെയെത്തിച്ച് സംരക്ഷിക്കണമെന്ന് പറഞ്ഞ് അരിക്കൊമ്പൻ ഫാൻസും രംഗത്തെത്തിയിരുന്നു.

കാടുകടത്തിയാലും , നാട്ടിൽ ശല്യമുണ്ടാക്കിയാലും അരിക്കൊമ്പന്റെ കാര്യത്തിൽ ആളുകൾ രണ്ട് ഭാഗത്താണ് എന്നും. ഇപ്പോഴിതാ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും വരുന്ന ഒരു വാർത്തയാണ് കൗതുകം ഉണർത്തുന്നത്. കേരളം നാടുകടത്തിയ കാട്ടുകൊമ്പന് സ്മാരകം നിർമ്മിച്ചിരിക്കുകയാണ് ഒരു കർഷകൻ. അരിക്കൊമ്പന്‍റെ 8 അടി ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുകയാണ് ഇടുക്കി – കഞ്ഞിക്കുഴി വെട്ടിക്കാട്ട് ബാബു.

തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു തന്റെ സ്ഥാപനത്തിന്റെ മുൻപിലാണ് അരിക്കൊമ്പന്റെ പ്രതിമ സ്ഥാപിച്ചത്. രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കി ഒരു വർഷം മുൻപായിരുന്നു പണി ആരംഭിച്ചത്.ഉരുക്ക് കമ്പികൾ കൊണ്ട് ചട്ടക്കൂട് രൂപപ്പെടുത്തി കോൺക്രീറ്റ് മിശ്രിതം തേച്ചു പിടിപ്പിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. കഞ്ഞിക്കുഴി പുന്നയാറിലുള്ള ബിനു ആണ് ശിൽപം നിര്‍മ്മിച്ചത്.
കർഷകനായ ബാബുവും അരിക്കൊമ്പനുമായുള്ള ബന്ധത്തിന് അഞ്ചുവർഷം പഴക്കമുണ്ട്. അന്ന് 301 കോളനിയിൽ ബാബു ഇഞ്ചി കൃഷി നടത്തിയിരുന്നു. അക്കാലത്ത് അവിടെ പതിവായി സവാരി നടത്തിയിരുന്ന അരിക്കൊമ്പൻ ഇഞ്ചിയെല്ലാം ചവട്ടി മെതിച്ച് കൃഷി നശിപ്പിച്ചിരുന്നു. ഇത്തവണയാകട്ടെ കൃഷിക്ക് നല്ലവിളവും ലാഭവും കിട്ടി. ഇഞ്ചി കൃഷിയെല്ലാം അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയപ്പോഴാണ് അരിക്കൊമ്പന്റെ സ്മരണ വന്നത്.

അരിക്കൊമ്പനോടുള്ള സ്നേഹം കൊണ്ടാണ് പ്രതിമ നിർമ്മിച്ചതെന്ന് ബാബു പറയുന്നു. എന്നാൽ പണ്ടു കൃഷി നശിപ്പിച്ച പ്രതികാരമാണോ, കാടുകടത്തിയതിലുള്ള പരിഹാസമോണോ ഈ സ്മാരകത്തിന് പിറകിലെന്ന് വ്യക്തമല്ല. ഏതായാലും ബാബുവും , പ്രതിമയും വൈറലായിക്കഴിഞ്ഞു.

അരിക്കൊമ്പനെ പിടിക്കണമെന്നും താപ്പാനയാക്കണമെന്നും വ്യാപകമായ ആവശ്യമുയർന്ന കാലത്തായിരുന്നു പ്രതിമ നിര്‍മ്മാണം ആരംഭിച്ചത്. ഏതായാലും അരിക്കൊമ്പനെ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *