എനിക്ക് പകരം രഹാനെ ആയിരുന്നെങ്കിൽ മനസിലാക്കാമായിരുന്നു, എന്നാൽ ഇത്…; ത്രി ഡി വിവാദത്തിൽ വലിയ പ്രതികരണം നടത്തി അമ്പാട്ടി റായിഡു
2019 ലോകകപ്പ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള സെലക്ടർമാരുടെ തീരുമാനത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു തന്റെ അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. ടീമിന് സഹായകമാകുന്ന ഒരാളെ പകരം എടുക്കാത്തത് ആണ് തനിക്ക് ദേഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ലോകകപ്പിലേക്ക് പോകുമ്പോൾ റായിഡു മികച്ച ഫോമിലായിരുന്നു, ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ഇവന്റിൽ അദ്ദേഹം പങ്കെടുക്കുമെന്ന് എല്ലാവരും വിചാരിച്ചിരിക്കുക ആയിരുന്നു. എന്നിരുന്നാലും, ടൂർണമെന്റിന് തൊട്ടുമുമ്പ് നടന്ന ചില മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ചു എന്നതിന്റെ പേരിലാണ് അവസാനം താരത്തെ പുറത്താക്കി വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്തിയത്.
ടിവി9 തെലുങ്കിന് നൽകിയ അഭിമുഖത്തിൽ, വേദനാജനകമായ അനുഭവത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെക്കുകയും അഭിപ്രായപ്പെടുകയും ചെയ്തു:
“അവർക്ക് മാത്രം അറിയാവുന്ന ഒരു കാരണത്താലാണ് അവർ എന്നെ ഒഴിവാക്കിയത്. എന്നാൽ എന്നെ മാറ്റി ഒരാളെ നിയമിക്കുമ്പോൾ അത് ടീമിനും സഹായകമാകണം . അവിടെയാണ് എനിക്ക് ദേഷ്യം വന്നത്.വിജയ് ശങ്കറിനോട് എനിക്ക് ദേഷ്യമില്ല? അവൻ അവന്റ ക്രിക്കറ്റ് കളിച്ചു. അവർ എന്നെ ഒഴിവാക്കിയ കാരണം കേട്ടും ഇത്ര വലിയ ഒരു ടൂർണമെന്റിന് ഒരുങ്ങിയ രീതി കണ്ടിട്ടുമാണ് സങ്കടം തോന്നിയത് .”