പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാൾ; ഡോ. വന്ദനദാസ് കൊലക്കേസിൽ മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്

Spread the love

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് മെഡിക്കൽ ബോർഡ്. കേസിലെ പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്നാണ് കണ്ടെത്തൽ. ഇത് വ്യക്തമാക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൊട്ടാരക്കര കോടതിയിൽ നൽകി.

അതേസമയം കൊലപാതകം നടന്ന സമയം സന്ദീപ് ലഹരി ഉപയോഗിച്ചതിന് തെളിവുകൾ ഒന്നും തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. നിലവിലെ വിലയിരുത്തലുകളും, തെളിവുകളും വച്ച് പ്രധാനപ്പെട്ട മൂന്ന് കണ്ടെത്തലാണ് എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം കോടതിയിൽ അറിയിച്ചത്.

സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ ആന്‍റി സോഷ്യൽ പേഴ്‍സനാലിറ്റി ഡിസോര്‍ട്ടിന് അടിമയാണ് സന്ദീപ്. നിരന്തര മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും സന്ദീപിന്‍റെ മാനസിക നിലയെ സ്വാധീനിച്ചു. ലഹരി ഉപയോഗം നിര്‍ത്തുമ്പോഴോ ലഹരി കിട്ടാതെ വരുമ്പോഴോ ഉള്ള മാനസിക വിഭ്രാന്തിയും ഉണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

10 ദിവസം മെഡിക്കൽ കോളേജിലെ സെല്ലിലാണ് സന്ദീപിനെ പരിശോധിച്ചത്. സൈക്യാട്രി, ന്യൂറോ, ജനറൽ മെഡിസിൻ മേധാവികളും സംഘത്തിലുണ്ടായിരുന്നു. മദ്യലഹരിയിലും അല്ലാതെയും സന്ദീപ് ബന്ധുക്കളേയും മറ്റുള്ളവരേയും ആക്രമിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു.

എന്നാൽ പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാക്കാനാണ് ശ്രമം. കഴിഞ്ഞ മാസം പത്താം തീയതിയാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചികിത്സയ്ക്കായി പൊലീസ് എത്തിച്ച സന്ദീപ് ഡ്യൂട്ടി ഡോക്ടറായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പൊലീസ് ഉൾപ്പെടെയുള്ളരെ സന്ദീപ് ആക്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *