ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുന്നേ ഉള്ളൂ, ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് വരാനിരിക്കുന്നത്: മോഹന്‍ലാല്‍
‘മലൈകോട്ടൈ വാലിബന്‍’ സിനിമയുടെ പാക്കപ്പിന് പിന്നാലെ വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍. പാക്കപ്പിന് ശേഷം ചിത്രത്തെ കുറിച്ചും ലിജോ ജോസ് പെല്ലിശേരിയെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
”ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുന്നേ ഉള്ളൂ. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു.”
”കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ നാം അതെല്ലാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്.”
”ഇത് വളരെ വ്യത്യസ്തമായ സിനിമയാവും. എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ജൂണ്‍ 13ന് ആണ് മലൈക്കോട്ടൈ വാലിബന് ഷൂട്ടിംഗ് പൂര്‍ത്തിയായത്. ചെന്നൈയിലായിരുന്നു സിനിമയുടെ അവസാനഘട്ട ചിത്രീകരണം.
നേരത്തെ രാജസ്ഥാനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പോണ്ടിച്ചേരിയിലും ചിത്രീകരണം നടന്നിരുന്നു. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.