ലാലേട്ടന് ചെസ്റ്റ് ഇന്ഫെക്ഷനൊക്കെയായി, വയ്യാതായോടെ ബ്രേക്ക് എടുത്തിരുന്നു; ‘വാലിബന്’ ഷൂട്ടിനെ കുറിച്ച് സുചിത്ര
മലയാള സിനിമയിലെ ഇതിഹാസങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷം വ്യക്തമാക്കി നടി സുചിത്ര. ‘മലൈകോട്ടൈ വാലിബന്’ ചിത്രത്തില്‍ അഭിനയിച്ച സന്തോഷമാണ് സുചിത്ര പങ്കുവച്ചിരിക്കുന്നത്. വാലിബന്റെ സെറ്റില്‍ വച്ച് മോഹന്‍ലാലിന് ഇന്ഫക്ഷന് ആയെന്നാണ് സുചിത്ര പറയുന്നത്.
”ഷൂട്ടിംഗ് സ്ഥലത്തെ കാലവസ്ഥയും ഗുസ്തിയും ഭയങ്കര പൊടിക്കാറ്റും ഒക്കെ കാരണം ഒരു തവണ ലാലേട്ടന് ചെസ്റ്റ് ഇന്ഫെക്ഷനൊക്കെയായി. ലാലേട്ടന് വയ്യാതായതോടെ മൂന്ന് ദിവസം ബ്രേക്കായിരുന്നു. അത് കഴിഞ്ഞ് ഷൂട്ട് തുടങ്ങിയപ്പോള്‍ പുതച്ചൊക്കെയാണ് ലാലേട്ടന് വന്നിരിക്കുന്നത്.”
”പക്ഷെ ഷോട്ട് ടൈം ആകുമ്പോള്‍ ആളങ്ങ് മാറും. ഈ വയ്യാതിരുന്ന ആള് തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും. എന്റെ എല്ലാ സീനും ലാലേട്ടനുമായിട്ടാണ്. പത്ത് പതിനഞ്ച് ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനുറ്റേ ഉണ്ടാകൂ. പക്ഷെ അത് അത്രയും പ്രധാനപ്പെട്ടതാണ്.”
”അതിഗംഭീരമായ സിനിമയാണ്. വെറുതെ വന്ന് പോകുന്ന ഒരാള്‍ക്ക് പോലും പ്രാധാന്യമുണ്ട്. എല്ലാവരും കാത്തിരിക്കുന്ന സിനിമയാണിത്” എന്നാണ് സുചിത്ര പറയുന്നത്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന സുചിത്ര തനിക്ക് ചിത്രത്തില്‍ അവസരം ലഭിച്ചതിന് കാരണം ബിഗ് ബോസ് ആണ് എന്നാണ് പറയുന്നത്.
വാലിബന്റെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ലാലേട്ടന് ബിഗ് ബോസ് എന്താണെന്ന് മനസിലായോ? എന്നാണ് ലാലേട്ടന് ചോദിച്ചത്. ഞാന്‍ പറഞ്ഞു. എനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന്. അത് കേട്ട് ലാലേട്ടന് ചിരിച്ചു. എങ്ങനെയാണ് ചിത്രത്തിലേക്ക് വിളി വന്നത് എന്ന് അറിയില്ല.”
”പക്ഷെ ലിജോ സാര്‍ ബിഗ്ബോസ് കാണാറുണ്ടെന്ന് അദ്ദേഹത്തിന് അടുത്തവര്‍ പറയുമായിരുന്നു. അങ്ങനെയായിക്കാം ഈ ചിത്രത്തിലേക്ക് എത്തിയത്” എന്നാണ് സുചിത്ര ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ് സുചിത്ര.